തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ രോഗം പടരുന്നത് തടയുന്നതിനായി വീണ്ടും പൊലീസിന് കൂടുതൽ അധികാരങ്ങൾ നൽകിയേക്കും. എന്നാൽ, വീണ്ടുമൊരു ലോക്ക് ഡൗണിലേക്ക് കാര്യങ്ങൾ എത്തില്ലെന്നാണ് സൂചന. ഇക്കാര്യങ്ങളെല്ലാം ഇന്നു വൈകിട്ട് ചേരുന്ന സർവകക്ഷി യോഗത്തിൽ ചർച്ച ചെയ്യും. അടുത്തിടെ കൊവിഡ് നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിൽ നിന്ന് ക്രമസമാധാന പാലനത്തിലേക്ക് പൊലീസ് മാറിയതോടെയാണ് സംസ്ഥാനത്ത് സ്ഥിതി ഇത്രയേറെ ഗുരുതരമാക്കിയെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. രോഗബാധയുടെ ആദ്യ ദിനങ്ങളിൽ പൊലീസ് കർശനമായി ഇടപെട്ടതോടെ ഒരുപരിധിവരെ നിയന്ത്രണങ്ങളോട് ജനങ്ങൾ സഹകരിച്ചിരുന്നു. എന്നാൽ, അൺലോക്ക് 2 മുതൽ ഇങ്ങോട്ടുള്ള രണ്ട് ഘട്ടങ്ങളിൽ പൊലീസ് അയഞ്ഞതോടെ ജനങ്ങൾ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാത്ത സ്ഥിതിയുണ്ടായി. ഇതാണ് വീണ്ടും പൊലീസിന് കൂടുതൽ അധികാരങ്ങൾ നൽകുന്നതിനെ കുറിച്ച് ആലോചിക്കാൻ സർക്കാരിനെ പ്രേരിപ്പിക്കുന്നത്.
പൊലീസ് ഇടപെടൽ കർശനമാക്കും
പൊതുയിടങ്ങളിലെല്ലാം ഇനിമുതൽ പഴയതുപോലെ പൊലീസ് സാന്നിദ്ധ്യമുണ്ടാകും. കേന്ദ്ര സർക്കാർ അൺലോക്ക് രണ്ടാംഘട്ടം പ്രഖ്യാപിച്ചതോടെ അതുവരെ നിരത്തുകളിൽ പരിശോധനയ്ക്കുണ്ടായ പൊലീസുകാരും സ്വാഭാവികമായും നിരത്തിൽ നിന്നൊഴിഞ്ഞ് തങ്ങളുടെ ജോലികളിൽ വ്യാപൃതരായി. കൊവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ പൊലീസ് കർശന വാഹന പരിശോധനയും മറ്റുമായി നിരത്തിലുണ്ടായിരുന്നതോടെ അനാവശ്യമായി ഇറങ്ങുന്നവരെയെല്ലാം പിന്തിരിപ്പിച്ച് മടക്കി അയച്ചിരുന്നു. ആദ്യമൊക്കെ പഴി കേട്ടെങ്കിലും പിന്നീട് പൊലീസിന്റെ നിയന്ത്രണങ്ങളുമായി ജനങ്ങൾ പൊരുത്തുപ്പെടുകയായിരുന്നു.
പൊലീസിന് കൂടുതൽ അധികാരം നൽകുന്നതോടെ പഴയ നിയന്ത്രണങ്ങൾ തിരികെ കൊണ്ടുവരാനാകും. കണ്ടെയ്ൻമെന്റ് സോണുകളിലുൾപ്പടെ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങൽ, സാമൂഹിക അകലം പാലിക്കാതിരിക്കുക, അനാവശ്യ യാത്രകൾ നടത്തുക എന്നിവയ്ക്കെല്ലാം ഇനിമുതൽ കടുത്ത നടപടികളാവും നേരിടേണ്ടി വരിക. പൊലീസ് പരിശോധന ഇല്ലാത്തതിനാൽ തന്നെ കണ്ടെയ്ൻമെന്റ് സോണുകൾ അടക്കമുള്ള രോഗവ്യാപന മേഖലകളിൽ ജനങ്ങൾ ഇപ്പോഴും യഥേഷ്ടം പുറത്തിറങ്ങുന്നുണ്ട്. ഇനി ഇത് അനുവദിക്കില്ല.
ഇതിനൊപ്പം വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തുന്നത് അടക്കമുള്ള കൂടുതൽ ശക്തമായ നടപടികളും സർക്കാർ സ്വീകരിക്കും. കടകൾക്ക് ഇപ്പോൾ രാവിലെ 7 മുതൽ രാത്രി 9 വരെ പ്രവർത്തിക്കാൻ അനുമതിയുണ്ട്. ഈ സമയം കുറയ്ക്കാൻ ഇടയുണ്ട്. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളല്ലാത്തവ താൽക്കാലികമായി അടച്ചിടാൻ നിർദ്ദേശിക്കും. വീണ്ടുമൊരു ലോക്ക് ഡൗണിനോട് ജനങ്ങൾ എങ്ങനെ പ്രതികരിക്കുമെന്ന ആശങ്കയുള്ളതിനാൽ തന്നെ സമ്പൂർണ ലോക്ക് ഡൗൺ ഉണ്ടാകില്ല. സർവകക്ഷി യോഗത്തിൽ ഇക്കാര്യവും ചർച്ചയാവും. 20 ദിവസം കൂടുമ്പോൾ സംസ്ഥാനത്ത് രോഗികളുടെ എണ്ണം ഇരട്ടിക്കുന്ന സ്ഥിതി ഗുരുതരമാണെന്നാണ് ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. ഈ സാഹചര്യത്തിൽ സമ്പൂർണ ലോക്ക് ഡൗണോ അതിനുതുല്യമായ നിയന്ത്രണങ്ങളോ വേണമെന്ന് ആരോഗ്യവകുപ്പ് യോഗത്തിൽ ആവശ്യപ്പെടും. മൈക്രോ കണ്ടെയ്മെന്റ് സോണുകൾ പൂർണമായും ഒഴിവാക്കിയ ശേഷം വാർഡ് തലത്തിലോ, താലൂക്ക് തലത്തിലോ പഴയതുപോലെ കണ്ടെയ്‌ൻമെന്റ് സോണുകൾ പ്രഖ്യാപിച്ച് നിയന്ത്രണം ഏർപ്പെടുത്തുന്നതും സർക്കാർ ആലോചിക്കുന്നുണ്ട്.
സാമൂഹിക അകലം കർശനമായി പാലിക്കുന്നെന്ന് ഉറപ്പുവരുത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ആൾക്കാർ അകലം പാലിക്കാതെ നിൽക്കുന്ന കടകളിൽ ഉടമകൾക്കെതിരെ കേസെടുക്കും. പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തവർക്കുള്ള പിഴ വർദ്ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. പൊതുഗതാഗത സംവിധാനങ്ങൾ തുറന്നു കൊടുത്തതും രോഗവ്യാപനത്തിന് ഇടയാക്കിയിട്ടുണ്ട്. അതിനാൽ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയേക്കും. രോഗവ്യാപന തീവ്രത അനുസരിച്ച് ജില്ലകളിൽ പൊതുഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്താൻ ജില്ലാഭരണകൂടങ്ങൾക്ക് അധികാരം നൽകാനും സാദ്ധ്യതയുണ്ട്.
ഏഴ് ജില്ലകളിൽ സ്ഥിതി ഗുരുതരം, ഐ.എം.എ മുന്നറിയിപ്പ്
സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിൽ ഏഴ് ജില്ലകളിൽ സ്ഥിതി അതീവ ഗുരുതരമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ പഠന റിപ്പോർട്ട്. ഈ ജില്ലകളിൽ ഒരു മാസത്തിനുള്ളിൽ 200 മുതൽ 300 ശതമാനം വരെയാണ് കൊവിഡ് രോഗികളുടെ വർദ്ധന. രോഗികളുടെ വർദ്ധന 300% വരെ ഇനിയും കൂടുമെന്നും ഐഎംഎ മുന്നറിയിപ്പ് നൽകി.
ഓഗസ്റ്റ് 29ന് 928 രോഗികൾ മാത്രമുണ്ടായിരുന്ന കണ്ണൂർ ജില്ലയിൽ സെപ്തംബർ 26 ആയപ്പോൾ അത് 3252 ആയി, 294 ശതമാനം വർദ്ധന. പാലക്കാട് ജില്ലയിൽ ഇതേ കാലയളവിൽ രോഗികളുടെ എണ്ണത്തിൽ 226ശതമാനം വർദ്ധനയുണ്ടായി. കൊല്ലം ജില്ലയിൽ ഇക്കാലയളവിലെ രോഗ ബാധിതർ 1370ൽ നിന്ന് 4360ലേക്കെത്തി, 218 ശതമാനം. ഈ ജില്ലകളിലെ സ്ഥിതി അതീവഗുരുതരമാണ്. കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, തൃശൂർ ജില്ലകളിലെ സ്ഥിതിയും ഗുരുതരമാണ്. ഒരു മാസത്തിനിടെ 200 ശതമാനത്തിനടുത്താണ് വർദ്ധന.
പ്രതിദിന രോഗികളുടെ എണ്ണം 1000 കടക്കുന്നുണ്ടെങ്കിലും തിരുവനന്തപുരം ജില്ലയിൽ നേരിയ ആശ്വാസമുണ്ട്. ഇവിടെ രോഗികളുടെ എണ്ണത്തിൽ വർദ്ധന 80ശതമാനമാണ്. മറ്റ് ജില്ലകളെ അപേക്ഷിച്ച് തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ രോഗ വ്യാപനത്തിൽ കുറവുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു. പരിശോധനയുടെ എണ്ണം കൂടിയതാകാം രോഗബാധിതരുടെ എണ്ണം ക്രമാതീതമായി കൂടാൻ കാരണമെന്നാണ് വിദഗ്ധർ പറയുന്നത്. വരും നാളുകളിൽ ഈ കണക്ക് ഇനിയും വർദ്ധിക്കുമെന്ന മുന്നറിയിപ്പും ഐഎംഎ നൽകുന്നുണ്ട്.