ന്യൂഡൽഹി: ഉത്തർപ്രദേശിൽ കൂട്ടബലാത്സംഗത്തിനിരയായ യുവതി മരിച്ചു.ഡൽഹി എയിംസിൽ ചികിത്സയിലിരിക്കെയാണ് മരണം.ഗുരുതരാവസ്ഥയിലായിരുന്ന യുവതിയെ കഴിഞ്ഞ ദിവസമാണ് വിദഗ്ദ്ധ ചികിത്സയ്ക്കായി എയിംസിലേക്ക് മാറ്റിയത്.ഈ മാസം 14നാണ് ഹത്രാസ് സ്വദേശിനിയായ ഇരുപതുകാരിയെ നാലുപേർ ചേർന്ന് ബലാത്സംഗം ചെയ്തത്.
അക്രമികൾ പെൺകുട്ടിയുടെ നാവ് മുറിച്ചെടുത്തിരുന്നു. പ്രതികളെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർക്കെതിരെ കൂട്ടബലാത്സംഗത്തിനും, കൊലക്കുറ്റത്തിനും കേസെടുത്തിട്ടുണ്ട്. അമ്മയ്ക്കും സഹോദരനുമൊപ്പം പുല്ലുവെട്ടാൻ പോയതായിരുന്നു ഇരുപതുകാരി. കൂടെയുണ്ടായിരുന്ന സഹോദരൻ ഒരു കെട്ടു പുല്ലുമായി വീട്ടിലേക്ക് പോയി. അമ്മയുടെ കണ്ണ് ഒന്ന് തെറ്റിയപ്പോൾ അക്രമികൾ പെൺകുട്ടിയെ കഴുത്തിൽ ഷാൾ മുറുക്കി പാടത്തിനുള്ളിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.