neethu

തൃശൂർ: തനിക്ക് കത്തയച്ച നീതുമോളെ കാത്തിരിക്കുകയാണ് വടക്കാഞ്ചേരി എം എൽ എയായ അനിൽ അക്കര.കൂട്ടിനുളളത് രമ്യാ ഹരിദാസ് എം പിയും കൗൺസിലർ സൈറാബാനു ടീച്ചറും . ഇവർ വടക്കാഞ്ചേരി മങ്കരയിലെ റോഡരികിൽ നീതുമാേൾക്കായി ഇന്ന് രണ്ട് മണിക്കൂർ കാത്തിരിക്കും.

വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെട്ട കുടുംബത്തിലെ പെൺകുട്ടിയുടേതെന്നു പറഞ്ഞ് സ്ഥലം എം എൽ എ അനിൽ അക്കരയ്ക്കുളള ഒരു കത്ത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നീതു ജോൺസനെന്നായിരുന്നു കത്തെഴുതിൽ ആൾ സ്വയം പരിചയപ്പെടുത്തിയിരുന്നത്.

സാറിന് കിട്ടിയ ഒരു വോട്ട് ജീവിക്കാനായി ടെക്‌സ്‌റ്റൈൽ ഷോപ്പിൽ ജോലിചെയ്യുന്ന എന്റെ അമ്മയുടേത് ആയിരുന്നു. അടച്ചുറപ്പുള്ള വീടെന്നത് ഞങ്ങളെ പോലെ നഗരസഭ പുറമ്പോക്കിലെ ഒറ്റമുറിയിൽ താമസിക്കുന്നവരുടെ വലിയ സ്വപ്‌നമാണെന്നും കൗൺസിലർ ഇടപെട്ട് ഞങ്ങളുടെ പേരും ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും പറയുന്ന കത്തിൽ രാഷ്ട്രീയം കളിച്ച് തങ്ങളുടെ സ്വപ്നം തകർക്കരുതെന്നും എം എൽ എയോട് ആവശ്യപ്പെടുന്നുണ്ട്.

കത്ത് സോഷ്യൽ മീഡിയയിൽ ചർച്ചയായതോടെ മറുപടിയുമായി അനിൽ അക്കര രംഗത്തെത്തി. പക്ഷേ, കത്തയച്ച പെൺകുട്ടിയെ കണ്ടെത്താൻ പലശ്രമങ്ങളും നടത്തിയെങ്കിലും വിജയിച്ചില്ല. അതോടെയാണ് അവസാന ശ്രമമെന്ന നിലയിൽ മങ്കരയിലെ റോഡരികിൽ കാത്തുനിൽക്കാൻ തീരുമാനിച്ചത്. അവസാനവട്ട ശ്രമമെന്ന നിലയിൽ ഞാനും കൗൺസിലർ സൈറബാനു ടീച്ചറും എങ്കേക്കാട് മങ്കര റോഡിൽ കാത്തുനിൽക്കുമെന്നും ആർക്കും ഈ വിഷയത്തിൽ തന്നെ സമീപിക്കാമെന്നും അനിൽ അക്കര ഫേസ്ബുക്കിൽ കുറിച്ചു. ഈ കുറിപ്പ് പങ്കുവച്ചുകൊണ്ട് അനിൽ അക്കരയ്ക്ക് പിന്തുണയുമായി താനും എങ്കേക്കാട് മങ്കര റോഡിലുണ്ടാകുമെന്ന് രമ്യ ഹരിതാസ് എം പി ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുകയായിരുന്നു.

അനിൽ അക്കരയുടെ ഫേസ്ബുക്ക്പോസ്റ്റ്:

നീതു ജോൺസനെ കണ്ടെത്താൻ ഞാൻ നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും
പരാജയപ്പെടുകയായിരുന്നു.
നാളെ അവസാനവട്ട
ശ്രമത്തിന്റെ ഭാഗമായി
ഞാനും കൗൺസിലർ സൈറബാനുടീച്ചറും
എങ്കേക്കാട് മങ്കര റോഡിൽ
നാളെ രാവിലെ
9മണി മുതൽ 11വരെ
ഞാൻ നീതുവിനെ
കാത്തിരിക്കുന്നതാണ്.
നീതുവിനും നീതുവിനെ
അറിയുന്ന ആർക്കും ഈ വിഷയത്തിൽ എന്നെ സമീപിക്കാം.