കല്ലമ്പലം: നാവായിക്കുളം കുടവൂർ മടന്തപ്പച്ച ഭാഗത്ത് കണ്ടെത്തിയ കാൽപ്പാടുകൾ കരടിയുടെതെന്ന് വനംവകുപ്പ് പാലോട് റെയ്ഞ്ച് ഓഫീസർ ബി. അജിത്ത്കുമാർ അറിയിച്ചു. സമീപത്തെ പുല്ലൂർമുക്കിലും മറ്റു പല ഭാഗങ്ങളിലും നാട്ടുകാർ കരടിയെ കണ്ടെന്നുള്ള അഭ്യൂഹത്തെ തുടർന്ന് ഇന്നലെ വൈകിട്ട് 4ന് വനംവകുപ്പ് അധികൃതർ വീണ്ടും തെരച്ചിൽ നടത്തി.
മടന്തപ്പച്ച സ്വദേശി റൈഹാനത്താണ് കരടിയെ ആദ്യമായി കണ്ടത്. തുടർന്ന് കഴിഞ്ഞദിവസം ഫോറസ്റ്റ് ഓഫീസർ അജയകുമാറിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരായ അനിൽചന്ദ്രൻ, അരുൺ, ബാബു, മോഹൻദാസ്, വിക്രമൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമെത്തി പരിശോധിച്ചു. പുല്ലൂർമുക്ക് സ്‌കൂളിനു സമീപം കഴിഞ്ഞദിവസം രാത്രി കരടി മരത്തിൽ നിന്നും തൂങ്ങിയിറങ്ങുന്നത് കണ്ടതായി അഹമ്മദ് റോഷൻ എന്നയാൾ അറിയിച്ചിരുന്നു.
നാട്ടുകാർക്ക് വനംവകുപ്പ് ജാഗ്രതാ നിർദ്ദേശവും ബോധവത്കരണവും നൽകി. രാത്രിയിൽ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ആരും പുറത്തിറങ്ങരുതെന്നും പുലർച്ചെ റബർ ടാപ്പിംഗിനും പത്രവിതരണത്തിനും പോകുന്നവർ ഇരുട്ട് മാറിയശേഷം മാത്രമേ പുറത്തിറങ്ങാവൂ എന്നും അധികൃതർ അറിയിച്ചു. കരടിയെപ്പറ്റി എന്തെങ്കിലും സൂചന ലഭിച്ചാൽ വിവരം നൽകണമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ഫോൺ: 8547601000.