ന്യൂഡൽഹി: ഒരിക്കൽ കൊവിഡ് ഭേദമായ വ്യക്തിയ്ക്ക് വീണ്ടും 'കൊറോണ' വരുമോ? തെലുങ്കാന, തമിഴ്നാട്, കർണാടക, ഗുജറാത്ത്, ഡൽഹി, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.ഇതോടെ ഇത്തരത്തിലുള്ള കേസുകളുടെ വിവരങ്ങൾ ശേഖരിക്കാൻ ആരോഗ്യ മന്ത്രാലയം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
കൊവിഡ് ഭേദമായവരിൽ വീണ്ടും രോഗബാധയുണ്ടാവുന്നത് ആശങ്കാജനകമല്ലെന്നും, ഇത് വളരെ അപൂർവമായ ഒരു സംഭവമാണെന്നും ആഴ്ചകൾക്ക് മുമ്പ് ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) വ്യക്തമാക്കിയിരുന്നു. ചില സംസ്ഥാനങ്ങളിൽ രോഗമുക്തി നേടിയവരിൽ വീണ്ടും കൊവിഡ് സ്ഥിരീകരിച്ചുവെന്ന റിപ്പോർട്ടിന് പിന്നാലെയായിരുന്നു ഐ.സി.എം.ആർ പ്രതികരണവുമായി രംഗത്തെത്തിയത്.
രോഗം ഭേദമായവർക്ക് വീണ്ടും കൊവിഡ് വരുന്നത് ഗുരുതരമായ കാര്യമല്ലെന്നും, രണ്ടാമതും രോഗം പകരുന്നത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർദ്ധൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.ഇത്തരം കേസുകളുടെ എണ്ണം ഇപ്പോൾ വളരെ കുറവാണെന്ന് വിദഗ്ദ്ധർ പറയുന്നു.