nirbhay-

ന്യൂഡൽഹി: ഇനി തൊട്ടാൽ കളിമാറും. ചൈനീസ് അതിർത്തിയിൽ നിർഭയ് മിസൈലുകൾ വിന്യസിച്ചതോടെ ഇന്ത്യ ചൈനയ്ക്ക് കൊടുക്കുന്ന ശക്തമായ മുന്നറിയിപ്പാണിത്. ഇന്ത്യൻ അതിർത്തിയോട് ചേർന്ന് യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപത്തായി മിസൈലുകൾ വിന്യസിക്കുന്ന ചൈനീസ് നീക്കത്തിന് മറുപടിയായാണ് ഇന്ത്യയുടെ പുതിയ നീക്കം.നേരത്തേ കടന്നുകയറ്റത്തെ തടയാൻ വെടിവയ്ക്കാനുളള അനുവാദം ഇന്ത്യ സൈന്യത്തിന് നൽകിയിരുന്നു. മിസൈലുകൾ കൂടി വിന്യസിച്ചതോടെ ഇങ്ങോട്ട് ഒന്നുകിട്ടിയാൽ നൂറായി തിരിച്ചുകൊടുക്കാൻ തന്നെയാണ് ഇന്ത്യയുടെ തീരുമാനമെന്ന് വ്യക്തം. അതിർത്തിയിൽ വീണ്ടും പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിന്റെ ഭാഗമായാണ് ചൈന മിസൈലുകൾ വിന്യസിക്കുന്നതെന്നാണ് വിലയിരുത്തുന്നത്.

ഡിഫൻസ് റിസർച്ച് ഓർഗനൈസേഷൻ വികസിപ്പിച്ചെടുത്ത നിർഭയ് മാകരമായ പ്രഹരശേഷി​യുളള മി​സൈലാണ്. തദ്ദേശ നിർമിതമായ ആദ്യ ആണവായുധ വാഹക ക്രൂയിസ് മിസൈലായ നി​ർഭയ്ക്ക് 1000 കിലോമീറ്റർവരെയുളള ലക്ഷ്യസ്ഥാനങ്ങൾ നിഷ്പ്രയാസം തകർക്കാനാവും. അതായത് ടിബറ്റിലെ ലക്ഷ്യങ്ങളിൽ വരെ എത്താൻ കഴിയുമെന്നർത്ഥം. ഭൂമിയിൽ നിന്ന്100 മീറ്റർ മുതൽ നാല് കിലോമീറ്റർ വരെ ഉയരത്തിൽ പറക്കാൻ കഴിയുന്ന ഇവയ്ക്ക് ശത്രുക്കളുടെ റഡാറിന്റെ കണ്ണിൽപ്പെടാതെ സഞ്ചരിക്കാനും കഴിവുണ്ട്.

ഉപരിതലത്തിൽ നിന്ന് ഉപരിതലത്തിലേക്ക് പ്രയോഗിക്കാൻ കഴിയുന്ന ഈ മിസൈലിന് കാലാവസ്ഥ ഒരു പ്രശ്നമേ അല്ല. ഏതുകാലാവസ്ഥയിലും ലക്ഷ്യം നേടുമെന്ന് നൂറുശതമാനം ഉറപ്പ്. 2014-ലാണ് നിർഭയ് ആദ്യമായി പരീക്ഷിച്ചത്. തുടർന്ന് പലതവണ പരീക്ഷണങ്ങൾ ആവർത്തിച്ചു. ഓരോ പരീക്ഷണത്തിലും മിസൈലിന്റെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്താൻ വിദഗ്ദ്ധർ ശ്രമിച്ചുകൊണ്ടിരുന്നു. ഏറ്റവും ഒടുവിൽ കഴിഞ്ഞവർഷം ഏപ്രിൽ പതിനഞ്ചിനായിരുന്നു ഒടുവിലത്തെ പരീക്ഷണ വിക്ഷേപണം.

വിക്ഷേപണ വാഹനത്തിൽ നിന്ന് കുതിക്കുന്ന മിസൈൽ നിശ്ചിത ഉയരത്തിലും വേഗത്തിലും എത്തിക്കഴിഞ്ഞാൽ പിന്നെ മുന്നോട്ടുകൊണ്ടുപോകുന്നത് ഒരു ടർബോഫാൻ എൻജിനാണ്. ഇന്ത്യയിൽ തന്നെ വികസിപ്പിച്ചെടുത്ത ഗതിനിർണയ സംവിധാനമാണ് മുന്നോട്ടുളള പോക്കിനെ സഹായിക്കുന്നത്. ലേസർ ഗൈറോസ്കോപ്പ് അടിസ്ഥാനമാക്കിയുളള മാർഗനിർദ്ദേശ നിയന്ത്രണം തുടങ്ങിയ മറ്റ് സാങ്കേതിക സൗകര്യങ്ങളും ഇതിലുണ്ട്.ആറ്മീറ്റർ നീളവും 0.52 മീറ്റർ വീതിയും 1500 കിലോ ഭാരവുമാണ് മി​സൈലി​നുളളത്.