തിരുവനന്തപുരം: രണ്ട് മാസത്തിനിടെ കേരളത്തിൽ മൂന്ന് കൊലപാതകങ്ങൾ കോൺഗ്രസ് ആസൂത്രണം ചെയ്‌തത് സംസ്ഥാനത്ത് അരക്ഷിതാവസ്ഥ സൃഷ്‌ടിക്കാനാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. പ്രതിപക്ഷ സമരങ്ങളിൽ ജനപിന്തുണ ഇല്ലെന്ന് മനസിലായപ്പോഴാണ് പ്രതിപക്ഷം ആക്രമണത്തിലേക്ക് കടക്കുന്നത്. പൊലീസിനെ മാരകമായി പരിക്കേൽപ്പിച്ച് വെടിവയ്‌പ്പുണ്ടാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. അക്രമങ്ങൾ നടത്തി എൽ.ഡി.എഫ് സർക്കാരിനെ അട്ടിമറിക്കാനുളള ശ്രമം നടക്കില്ലെന്നും കോടിയേരി പറഞ്ഞു.
ജനങ്ങൾ തിരഞ്ഞെടുത്ത് അധികാരത്തിൽ വന്ന സർക്കാരാണ് എൽ.ഡി.എഫിന്റേത്. ആ ജനങ്ങളുടെ മുമ്പിലേക്കാണ് ഞങ്ങൾ എല്ലാം എത്തിക്കാൻ ശ്രമിക്കുന്നത്. അറുന്നൂറ് രൂപയായിരുന്ന ക്ഷേമ പെൻഷൻ 1400 രൂപയാക്കി. എല്ലാ വീടുകളിലും ഭക്ഷ്യ കിറ്റുമായി പോകുന്ന ഇന്ത്യയിലെ ഏക സർക്കാരാണിത്. യു.ഡി.എഫും ബി.ജെ.പിയും ഓരോ ദിവസവും ഓരോ പച്ചക്കളളങ്ങൾ പ്രചരിപ്പിക്കുകയാണ്. പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം ചീറ്റിപോയി. ചെയ്‌ത കാര്യങ്ങളെല്ലാം സർക്കാരിന് പറയാനുളള അവസരമാണ് അവിശ്വാസം വഴി പ്രതിപക്ഷംസർക്കാരിന് നൽകിയത്.
തെളിയിക്കാൻ കഴിയുന്ന ആരോപണങ്ങളല്ല പ്രതിപക്ഷം ഉന്നയിക്കുന്നത്. ജനങ്ങളിൽ സംശയം ഉണ്ടാക്കുകയാണ് ബി.ജെ.പിയുടേയും കോൺഗ്രസിന്റേയും ലക്ഷ്യം. നയതന്ത്ര ബാഗേജിൽ സ്വർണം വന്നത് സംസ്ഥാന സർക്കാരിനെ ബാധിക്കുന്ന കാര്യമല്ല. സംസ്ഥാന സർക്കാരിന് ഒന്നും ഒളിച്ചുവയ്‌ക്കാനില്ല. എന്നാൽ ദുബായിൽ നിന്ന് സ്വർണം അയച്ച ആളെ പോലും ഇതുവരെ ചോദ്യം ചെയ്യാൻ സാധിച്ചില്ല. ബി.ജെ.പി നേതാക്കളിലേക്ക് അന്വേഷണം എത്തുന്നുവെന്ന് കണ്ടപ്പോൾ അന്വേഷണ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. സ്വർണക്കടത്തിൽ പിടിക്കപ്പെട്ടവരിൽ ഭൂരിപക്ഷവും ബി.ജെ.പിക്കാരും ലീഗുകാരുമാണെന്നും കോടിയേരി ആരോപിച്ചു.