health-emergency

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ.). ഇക്കാര്യം ആവശ്യപ്പെട്ട് ഐ.എം.എ. മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്ന് അധികൃതർ അറിയിച്ചു. സംസ്ഥാനത്ത് രോഗവ്യാപനം തടയുന്നതിന് ശക്തമായ നടപടികൾ വേണം. ഇതിന് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്നാണ് ഐ.എം.എ നിലപാട്.

സംസ്ഥാനത്ത് വരുംദിവസങ്ങളിൽ രോഗബാധിതരുടെ എണ്ണം പതിനായിരത്തിന് മുകളിൽ എത്തിയേക്കാമെന്നാണ് സർക്കാർ വിലയിരുത്തൽ. അങ്ങനെ വന്നാൽ സംസ്ഥാനത്തെ ആരോഗ്യ സംവിധാനങ്ങൾക്ക് തന്നെ അത് താങ്ങാനാവാത്ത സ്ഥിതിയുണ്ടാക്കും. അതിനാൽ വരുംദിവസങ്ങളിലെ കൊവിഡ് വ്യാപനം തടയുന്നതിനുള്ള നടപടികളിലേക്ക് സർക്കാർ കടക്കണമെന്ന ആവശ്യവും ഐ.എം.എ. മുന്നോട്ടു വയ്‌ക്കുന്നുണ്ട്. കൊവിഡ് പ്രതിരോധത്തെ കുറിച്ച് ചർച്ച ചെയ്യാൻ സർവകക്ഷി യോഗം സർക്കാർ വിളിച്ചിരിക്കെയാണ് ഐ.എം.എ ഇത്തരമൊരു നിർദേശം മുന്നോട്ട് വച്ചിരിക്കുന്നത്.

രോഗ്യവ്യാപനത്തിന്റെ ഗുരുതര സ്ഥിതി ജനങ്ങളെ ബോദ്ധ്യപ്പെടുത്തേണ്ടതുണ്ട്. രോഗവ്യാപനം തടയാനുളള കർശന നടപടികൾ നടപ്പാക്കണം. നിലവിലെ കൊവിഡ് മാനദണ്ഡങ്ങൾ കർശനമാക്കണം. സാധാരണക്കാരിലും ആരോഗ്യ പ്രവർത്തകരിലും രോഗവ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇത് ഇത്തരത്തിൽ തുടർന്നാൽ വരുംദിവസങ്ങളിൽ ഗുരുതര പ്രത്യാഘാതം ഉണ്ടാകും. ഇപ്പോൾ തന്നെ ആശുപത്രികൾ ഏറെക്കുറേ നിറഞ്ഞു കവിഞ്ഞ അവസ്ഥയാണ്. ആരോഗ്യ പ്രവർത്തകരുടെ കൂടി കാര്യം പരിഗണിച്ചാണ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഐ.എം.എ ആവശ്യപ്പെടുന്നത്.

സംസ്ഥാനത്ത് പ്രതിദിന രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഓരോ ദിവസങ്ങളിലും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ 28 ദിവസത്തിനിടെ മാത്രം ഒരുലക്ഷത്തിലധികം പേർക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.