ന്യൂഡൽഹി: കേന്ദ്രസർക്കാർ നിരന്തരം വേട്ടയാടുന്നു എന്നാരോപിച്ച് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യയിലെ പ്രവർത്തനങ്ങൾ നിർത്തിവച്ചു. കേന്ദ്രസർക്കാർ ഈ മാസം ആദ്യം ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതായും ഇതേ തുടർന്ന് ജീവനക്കാരെ പിരിച്ചുവിടേണ്ട സാഹചര്യമുണ്ടായെന്നുമാണ് ആംനസ്റ്റി പറയുന്നത്.
സംഘടനയ്ക്ക് അനധികൃതമായി വിദേശഫണ്ടുകൾ ലഭിക്കുന്നുണ്ടെന്നും വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്റെ പരിധിയിൽ ആംനസ്റ്റി രജിസ്റ്റർ ചെയ്തിട്ടില്ലെന്നുമാണ് കേന്ദ്രത്തിന്റെ നിലപാട്. സംഘടനയുടെ എല്ലാ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ തുടർന്ന് പ്രവർത്തിക്കാൻ കഴിയില്ലെന്നും അതിനാൽ ഇന്ത്യയിലെ പ്രവർത്തനങ്ങൾ നിറുത്തിവയ്ക്കുകയാണെന്നുമാണ് സംഘടനപുറത്തുവിട്ട വാർത്താകുറിപ്പിൽ വ്യക്തമാക്കുന്നത്. സംഘടനയുടെ കീഴിൽ നടത്തുന്ന എല്ലാ കാമ്പയിനുകളും ഗവേഷണങ്ങളും താൽകാലികമായി നിർത്തിവയ്ക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും അറിയിച്ചിട്ടുണ്ട്.
എല്ലാ നിയമങ്ങളും അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് കേന്ദ്രം വേട്ടയാടുകയാണെന്നുമാണ് ആംനസ്റ്റിയുടെ ആരോപണം. കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിലും ഡൽഹി കലാപത്തിനിടയിലുണ്ടായ മനുഷ്യാവകാശ ലംഘനങ്ങിലും ആംനസ്റ്റി കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനമുന്നയിച്ചിരുന്നു. കേന്ദ്രത്തെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിലുളള ഇത്തരം റിപ്പോർട്ടുകൾ പുറത്തുവിട്ടതിലുളള പക തീർക്കുകയാണ് ഇപ്പോഴത്തെ നടപടി എന്നും വിമർശനമുണ്ട്.