തിരുവനന്തപുരം: സ്ത്രീകൾക്കെതിരെ അശ്ലീല വീഡിയോ യൂ ട്യൂബിൽ പോസ്റ്റുചെയ്തതിന്റെ പേരിൽ വിജയ് പി.നായരെ കൈയേറ്റം ചെയ്ത കേസിലെ പ്രതികളായ ഡബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ഫെമിനിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി എന്നിവർ മുൻകൂർ ജാമ്യം തേടി ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹർജി നൽകി. അശ്ലീല വീഡിയോ പോസ്റ്റു ചെയ്ത കേസിലെ പ്രതി വിജയ് പി.നായരും ഇതേ കോടതിയിൽ മുൻകൂർ ജാമ്യഹർജി നൽകിയിട്ടുണ്ട്. എന്നാൽ, ഇയാളെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഭാഗ്യലക്ഷ്മിയുടെ ഹർജി
ഫെമിനിസ്റ്റുകളെയും ഡബിംഗ് ആർട്ടിസ്റ്റുകളെയും മോശമായി ചിത്രീകരിക്കുന്ന വീഡിയോ പ്രചരിപ്പിച്ചതിന് വിജയ് പി.നായരെ നേരിട്ട് ഫോണിൽ വിളിച്ച് കാര്യം അന്വേഷിച്ചിരുന്നു. സന്ധി സംഭാഷണത്തിനായി പുളിമൂട്ടിലെ ലോഡ്ജ് മുറിയിൽ എത്താൻ വിജയ് നിർദ്ദേശിച്ചു. താനും വെമ്പായം സ്വദേശിനി ദിയ സനയും കണ്ണൂർ സ്വദേശിനി ശ്രീലക്ഷ്മിയും 26ന് ലോഡ്ജിലെത്തി. യാതൊരു പ്രകോപനവും കൂടാതെ വിജയ് അശ്ളീലം പറഞ്ഞ് അപമാനിച്ചു. ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ച് സ്ത്രീത്വത്തെ അപമാനിച്ചു. അതിനാൽ മുൻകൂർ ജാമ്യം നൽകണം.
വിജയ് പി. നായർപറയുന്നത്
തന്റെ യൂ ട്യൂബ് ചാനലിൽ പേരുപോലും പറയാതെ പ്രസിദ്ധീകരിച്ച വീഡിയോയ്‌ക്കെതിരെ ഭാഗ്യലക്ഷ്മിയുടെയും ദിയ സനയുടെയും നേതൃത്വത്തിൽ മുറിയിൽ അതിക്രമിച്ച് കടന്ന് ദേഹത്ത് മഷി ഒഴിക്കുകയും മുണ്ട് പറിച്ച് ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. ആക്രമിക്കാൻ വന്ന സ്ത്രീകളെ മാഡം എന്നല്ലാതെ മറ്റൊന്നും വിളിച്ചിട്ടില്ല. ഒരു തരത്തിലും ശാരീരികമായി അപമാനിച്ചിട്ടില്ല. തന്റെ മൊബൈൽ ഫോണും ലാപ്‌ടോപും കവർന്നു. അവർക്കെതിരെ പൊലീസ് കേസെടുത്ത വിരോധത്താലാണ് തനിക്കെതിരെ കള്ളക്കേസ് നൽകിയത്.