seer-fish

കോവളം: വിഴിഞ്ഞം തീരത്ത് അപ്രതീക്ഷിതമായി ഇന്നലെ നെയ്‌മീനിൻെയും വേളാവിന്റെയും ചാകര. ആദ്യമായാണ് തട്ടുമടിയിൽ ഇത്രയധികം മീൻകിട്ടുന്നതെന്ന് തൊഴിലാളികൾ പറഞ്ഞു. 500 - 800 രൂപയക്ക് വിറ്റുപോകുന്ന നെയ്‌മീനുകൾ കിലോയ്ക്ക് 170ന് കിട്ടിയതോടെ തിരക്കും വർദ്ധിച്ചു. കച്ചവടക്കാർക്കും നല്ല ലാഭത്തിലാണ് മീനുകൾ കിട്ടിയത്. ഇവയ്ക്ക് പുറമേ ആവോലി, ക്ലാത്തി,​ ചൂര എന്നിവയും ഇന്നലെ കൂടുതലായി കിട്ടി. ട്രോളിംഗ് കഴിഞ്ഞശേഷം ആദ്യമായാണ് നെയ്‌മീൻ ചാകര കിട്ടുന്നതെന്ന് തൊഴിലാളികൾ പറഞ്ഞു.

30 വർഷത്തിനിടെ നെയ്മീനിന്റെ വലിയ ലഭ്യത ഇതാദ്യമെന്നു മത്സ്യത്തൊഴിലാളികൾ. ഒപ്പം ആവോലി, പുള്ളിക്കലവ. പുലർച്ചെ മുതൽ അണഞ്ഞ ആദ്യ വള്ളങ്ങളിൽ കുറേശെ കണ്ടു തുടങ്ങിയ നെയ്‌മീൻ 10 മണിയോടെ തീരത്തിനു ചാകരയായി. പിന്നീടു വന്ന എല്ലാ വള്ളങ്ങളിലും നിറയെ ഈ മീനായിരുന്നു. വല കൂടാതെ തട്ടുമടി വള്ളക്കാർക്കും ഈ മത്സ്യം കിട്ടിയതും അപൂർവതയായി.

വലിയ ശേഖരമുള്ളപ്പോൾ മാത്രമാണ് തട്ടുമടിവള്ളക്കാർക്ക് ഏതിനം മത്സ്യവും ലഭിക്കുക. മത്സ്യപ്രിയരുടെ ഇഷ്ടവിഭവങ്ങളിലൊന്നായ നെയ്മീൻ സീസണിൽ രാവിലെ എത്തുന്ന വള്ളങ്ങളിൽ നാമമാത്രമായി കാണുന്നതൊഴിച്ചാൽ പിന്നെ കിട്ടാറില്ല. അതിനാൽ തന്നെ ഉള്ളതിനു വലിയ വിലയുമായിരിക്കും. ചാകരയായതോടെ നെയ്മീൻ കി.ഗ്രാമിനു 200ൽ താഴെ മാത്രമായി വില താഴ‌്ന്നു.