covid-test

മലപ്പുറം: പ്രവാസികൾക്ക് വ്യാജ കൊവിഡ് സർട്ടിഫിക്കറ്റ് നൽകി മലപ്പുറം വളാഞ്ചേരിയിലെ ലാബ് 45 ലക്ഷത്തിലേറെ രൂപ തട്ടിയതായി പരാതി. വിദേശത്തേക്ക് പോകാൻ നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകിയാണ് തട്ടിപ്പ് നടത്തിയത്.

വിദേശത്തെത്തിയ പ്രവാസികൾ അവിടെ നടത്തിയ പരിശോധനയിൽ പോസിറ്റീവ് ആയതോടെയാണ് തട്ടിപ്പ് പുറത്തായത്. പരാതിയുടെ അടിസ്ഥാനത്തിൽ ലാബ് മാനേജരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് ഒരു പരാതി മാത്രമാണ് ഇതുവരെ പൊലീസിന് ലഭിച്ചതത്രേ. മലപ്പുറം വളാഞ്ചേരിയിലെ ലാബ് 2500 പേരുടെ സ്രവം പരിശോധനക്കായി ശേഖരിച്ചു. ഇതിൽ 490 പേരുടെ സ്രവം മാത്രം മൈക്രോ ലാബിന് അയച്ച് കൊടുത്തു.

ബാക്കിയുള്ളവരുടെ സ്രവം പരിശോധിക്കാതെ തന്നെ മൈക്രോ ലാബിന്റെ വ്യാജ ലെറ്റർ പാഡിൽ നെഗറ്റിവ് സർട്ടിഫിക്കറ്റ് തയ്യാറാക്കി കൊടുത്തു എന്നാണ് ആക്ഷേപം. ഇത്തരത്തിൽ നെഗറ്റിവ് സർട്ടിഫിക്കറ്റ് കിട്ടിയ ഒരാൾ സൗദിയിലെത്തി നടത്തിയ പരിശോധനയിൽ പോസിറ്റീവ് ആയി. അതോടെയാണ് പരാതി നൽകിയതും, തട്ടിപ്പ് പുറത്തായതും. പരിശോധനയ്ക്ക് ഒരാളിൽ നിന്ന് 2250 രൂപയാണ് ലാബ് ഈടാക്കിയിരുന്നത്.