ന്യൂഡൽഹി: എസ് എൻ സി ലാവ്‌ലിൻ കേസ് സുപ്രീം കോടതി നാളെ പരിഗണിക്കും. ജസ്റ്റിസ് യു യു ലളിതിന്റെ അദ്ധ്യക്ഷതയിലാണ് കേസ് പരിഗണിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയത് ചോദ്യം ചെയ്ത് സി ബി ഐയും കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നിലവിലുള്ള പ്രതികളും നൽകിയ ഹർജികളാണ് കോടതിയുടെ പരിഗണനയിൽ ഉള്ളത്.
2017 ഒക്ടോബറിലാണ് ലാവ്‌ലിൻ അഴിമതിക്കേസ് സുപ്രീംകോടതിയിലെത്തിയത്. മൂന്നു വർഷം കഴിഞ്ഞിട്ടും അന്തിമവാദം ആരംഭിച്ചിട്ടില്ല. കഴിഞ്ഞ ഒക്ടോബർ ഒന്നിനായിരുന്നു അവസാനം കേസ് പരിഗണനയ്‌ക്ക് വന്നത്. കേസിലെ ഏഴാം പ്രതിയായിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ, ഒന്നാം പ്രതിയായിരുന്ന മുൻ ഊർജജ സെക്രട്ടറി കെ മോഹനചന്ദ്രൻ, എട്ടാം പ്രതി മുൻ ജോയിന്റ് സെക്രട്ടറി എ ഫ്രാൻസിസ് എന്നിവർക്കെതിരായ കുറ്റപത്രം റദ്ദാക്കിയ വിചാരണക്കോടതി നടപടി 2017 ഓഗസ്റ്റ് 23ന് ഹൈക്കോടതി ശരിവച്ചിരുന്നു. ഇത് ചോദ്യം ചെയ്താണ് സി.ബി.എയുടെ ഹർജി. കുറ്റപത്രം പൂർണമായും റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിലവിൽ പ്രതിപ്പട്ടികയിലുള്ളവർ നൽകിയതാണ് മറ്റ് ഹർജികൾ.