കൊൽക്കത്ത: നടിയും തൃണമൂൽ കോൺഗ്രസ് എം പിയുമായ നുസ്രത്ത് ജഹാന് വധഭീഷണി. ദുർഗാദേവിയായി വേഷമിട്ട ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റുചെയ്തതിനാണ് ഭീഷണി.സോഷ്യൽ മീഡിയയിലൂടെയാണ് ഭീഷണികളിലധികവും. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റുചെയ്ത, കൈയിൽ തൃശൂലവും പിടിച്ച് നിൽക്കുന്ന ചിത്രമാണ് മതമൗലിക വാദികളെ വിറളിപിടിപ്പിച്ചത്. ഷൂട്ടിംഗ് ആവശ്യത്തിനായി നടി ഇപ്പോൾ ലണ്ടനിലാണ്. വധഭീഷണിയെത്തുടർന്ന് സുരക്ഷ വർദ്ധിപ്പിക്കണമെന്ന് നുസ്രത്ത് ജഹാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നുസ്രത് ജഹാന്റെ ചിത്രം വീഡിയോ ഡേറ്റിംഗ് ആപ്പിൽ പ്രത്യക്ഷപ്പെട്ടത് അടുത്തിടെ വിവാദമായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അനുവാദമില്ലാതെ പരസ്യത്തിനായി തന്റെ ചിത്രം ഉപയോഗിച്ചു എന്നുകാട്ടി നടി നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ഡേറ്റിംഗ് ആപ്പിൽ ചിത്രം ഉപയോഗിച്ച വിവരം ഒരു സുഹൃത്താണ് നടിയെ അറിയിച്ചത്.