ന്യൂഡൽഹി: കർഷക ബില്ലിനെ എതിർക്കുന്നവർ കർഷകരെ അപമാനിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കർഷകർ പൂജിക്കുന്ന യന്ത്രങ്ങളും ഉപകരണങ്ങളും തീവച്ചതിലൂടെ അവർ കർഷകരെ അപമാനിക്കുകയാണ്. താങ്ങുവില നടപ്പാക്കുമെന്ന് അവർ വർഷങ്ങളായി പറഞ്ഞു കൊണ്ടിരുന്നു. എന്നാൽ നടപ്പാക്കിയതേയില്ല. സ്വാമിനാഥൻ കമ്മിഷൻ ശുപാർശ പ്രകാരം ഈ സർക്കാരാണ് അത് നടപ്പാക്കിയതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
കർഷക ബില്ലിനെതിരായുളള പ്രതിഷേധങ്ങളുടെ ഭാഗമായി ഇന്ത്യ ഗേറ്റിൽ പഞ്ചാബ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ട്രാക്‌ടർ കത്തിച്ചിരുന്നു. ഈ സംഭവത്തെ പരോക്ഷമായി വിമർശിക്കുകയായിരുന്നു മോദി. ഉത്തരാഖണ്ഡിലെ വിവിധ വികസന പദ്ധതികൾ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കർഷക നിയമത്തെ എതിർക്കുന്നവർ താങ്ങുവിലയുടെ കാര്യത്തിൽ കർഷകരെ തെറ്റിദ്ധരിപ്പിക്കുകയാണ്. രാജ്യത്ത് താങ്ങുവില മാത്രമല്ല ഉണ്ടാവുക, തങ്ങളുടെ ഉത്പന്നങ്ങൾ എവിടെയും വിൽക്കാനുള്ള സ്വാതന്ത്ര്യവും കർഷകർക്കുണ്ടാകും. എന്നാൽ ചില ആളുകൾക്ക് ഈ സ്വാതന്ത്ര്യം സഹിക്കാനാകുന്നില്ല. അവർക്ക് അനധികൃതമായി വരുമാനം ഉണ്ടാക്കാനുള്ള ഒരുമാർഗം കൂടി അടഞ്ഞിരിക്കുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ കർഷകരും തൊഴിലാളികളും ആരോഗ്യമേഖലയുമായും ബന്ധപ്പെട്ട നിരവധി പരിഷ്‌കാരങ്ങൾ കൊണ്ടുവന്നു. ഈ പരിഷ്‌കാരങ്ങൾ രാജ്യത്തെ തൊഴിലാളികൾ, യുവാക്കൾ, വനിതകൾ, കൃഷിക്കാർ എന്നിവരെ ശക്തിപ്പെടുത്തും. എന്നാൽ ചില ആളുകൾ ഇവയെ എതിർക്കാൻ വേണ്ടി എതിർക്കുന്നത് എങ്ങനെയെന്ന് രാജ്യം കാണുന്നുണ്ടെന്നും മോദി പറഞ്ഞു.