p-sreekumar

തിരുവനന്തപുരം : ചിത്രാഞ്ജലി സ്റ്റുഡിയോയും ചലച്ചിത്ര കോർപറേഷന്റെ ആസ്ഥാന ഓഫീസും ഒരാഴ്ചത്തേക്ക് അടച്ചു. സ്റ്റുഡിയോയിൽ ഷൂട്ടിംഗ് സംഘത്തിൽപ്പെട്ടവർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണിത്. ' ഡിവോഴ്സ് ' എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയാണ് അംഗങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്. സിനിമയിലെ അഭിനേതാവായ നടൻ പി. ശ്രീകുമാർ കൊവിഡ് ബാധയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലാണ്.

കൂടാതെ ചിത്രത്തിന്റെ വസ്ത്രാലങ്കാരം നിർവഹിക്കുന്നയാൾ, സ്റ്റിൽ ഫോട്ടോഗ്രാഫർ എന്നിവർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ചിത്രാഞ്ജലി സ്റ്റുഡിയോ അണുവിമുക്തമാക്കിയ ശേഷമാണ് ഒരാഴ്ചത്തേക്ക് അടച്ചിടാൻ തീരുമാനിച്ചിരിക്കുന്നത്. സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർ ക്വാറന്റൈനിലാണ്. സിനിമയുമായി ബന്ധപ്പെട്ടവർ ചലച്ചിത്ര വികസന കോർപറേഷന്റെ കലാഭവൻ ഓഫീസിൽ എത്തിയിരുന്നതിനാലാണ് അവിടെയും അണുവിമുക്തമാക്കിയ ശേഷം അടച്ചത്.

കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു ചിത്രാഞ്ജലി സ്റ്റുഡിയോയിൽ കഴിഞ്ഞ ദിവസം സിനിമയുടെ ഷൂട്ടിംഗ് തുടങ്ങിയത്. സ്ഥിതി മെച്ചപ്പെടുന്നതോടെ ചിത്രീകരണം പുനഃരാരംഭിക്കുമെന്ന് ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ ഷാജി എൻ. കരുൺ അറിയിച്ചു.