തിരുവനന്തപുരം: ലൈഫ് മിഷൻ കേസിൽ സി ബി ഐ അന്വേഷണത്തെ അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നു എന്നാരോപിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. അന്വേഷണം തടയാൻ സർക്കാർ ഓർഡിനൻസ് ഇറക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം ഓർഡിനൻസിനെതിരെ ആദ്യം ഗവർണറെയും ആവശ്യമെങ്കിൽ കോടതിയെയും സമീപിക്കുമെന്നും വ്യക്തമാക്കി.
'ഓർഡിനൻസുമായി ബന്ധപ്പെട്ട ഫയൽ നിയമ വകുപ്പ് സെക്രട്ടറിയുടെ പരിഗണനയിലാണ്. മടിയിൽ കനമുള്ളതുകൊണ്ടാണോ സി ബി ഐയെ പേടിക്കുന്നത്?. ഓർഡിനൻസ് ഇറക്കാനുളള നടപടിയിൽ നിന്ന് സർക്കാർ പിന്തിരിയണം. ലൈഫ് മിഷനിലെ കമ്മിഷനെക്കുറിച്ചുളള അന്വേഷണം തടസപ്പെടുത്താനാണ് നീക്കം. പ്രതിപക്ഷനേതാവ് എന്നനിലയിൽ സർക്കാരിന്റെ നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടും. ഓർഡിനൻസിൽ ഒപ്പിടരുതെന്ന് ഗവർണറോട് ആവശ്യപ്പെടും.നിയമ വിരുദ്ധമായ നടപടികളാണ് സർക്കാർ ചെയ്യുന്നത്. എല്ലാ അഴിമതിക്കാരും കുടുങ്ങും എന്നതിനാലാണ് ഈ നീക്കം. കളളന്മാരെയും കൊളളക്കാരെയും രക്ഷപ്പെടുത്തനാണ് സർക്കാർ നീക്കം.മാവോയിസ്റ്റ് ജലീലിനെ അടക്കം വധിച്ചത് വ്യാജ ഏറ്റുമുട്ടലിലൂടെയാണ്.ചരിത്രത്തിലെ കറുത്ത അദ്ധ്യായമാണിത്. മാവോയിസ്റ്റ് ആണെന്നുപറഞ്ഞ് എല്ലാവരെയും വെടിവച്ച് കൊല്ലാൻ സർക്കാരിന് അധികാരം നൽകിയത് ആരാണ് '-അദ്ദേഹം ചോദിച്ചു.