jis-joy

വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമൊടുവിൽ ഇന്നലെ, അതായത് സെപ്റ്റംബർ 28ന് പാലാരിവട്ടം പാലം പൊളിക്കൽ ആരംഭിച്ചു. 36 വർഷങ്ങൾക്ക് മുമ്പ് ഇതുപോലൊരു സെപ്റ്റംബർ 28നാണ് കെ.ജി. ജോർജ് സംവിധാനം ചെയ്ത വിഖ്യാതമായ ' പഞ്ചവടിപ്പാലം ' എന്ന ചിത്രം റിലീസ് ആയതും. ഇപ്പോഴിതാ വർഷങ്ങൾക്കിപ്പുറം അതേ ദിവസം മറ്റൊരു പാലം പൊളിക്കൽ കൂടി. അത് സിനിമയെങ്കിൽ ഇത് യാഥാർത്ഥ്യവും. എന്താ യാദൃശ്ചികത ! ഹൈക്കോടതി പോലും പാലാരിവട്ടത്തെ ' പഞ്ചവടിപ്പാലം ' എന്നാണ് വിശേഷിപ്പിച്ചത്.

പഞ്ചവടിപ്പാലം എന്ന സിനിമ അഴിമതി വീരനായ പഞ്ചായത്ത് പ്രസിഡന്റ് പടുത്തുയർത്തിയ പാലം ഉദ്ഘാടന ദിനം തകർന്ന കഥയാണ്. എന്നാൽ വർഷങ്ങൾക്ക് മുമ്പ് ഇറങ്ങിയ ഈ ചിത്രത്തിന്റെ കാലിക പ്രസക്തിയ്ക്ക് യാതൊരു മങ്ങലേറ്റിട്ടില്ലെന്ന് ചൂണ്ടിക്കാട്ടുകയാണ് സംവിധായകൻ ജിസ് ജോയ്. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ജിസ് ജോയ് തന്റെ നിലപാട് വ്യക്തമാക്കുന്നത്.

ചില രാഷ്ട്രീയ നേതാക്കളുടെയും വ്യക്തികളുടെയും അറിയപ്പെടുന്ന ആളുകളുടെയുമൊക്കെ ചില തെറ്റുകളെ തിരുത്താൻ കൂടിയുള്ള ഉപകരണമായിട്ടാണ് ഒളിഞ്ഞിരിക്കുന്ന തമാശയ്ക്കപ്പുറം കാർട്ടൂണിനെ കാണുന്നതെന്ന് പണ്ട് കാർട്ടൂണിസ്റ്റ് യേശുദാസൻ സാർ പറയുന്നത് കേട്ടിട്ടുണ്ടെന്ന് ജിസ് ജോയ് പറയുന്നു.

' 365 ദിവസമുണ്ടായിട്ടും കൃത്യമായി ഒരു സെപ്റ്റംബർ 28 തന്നെ വേണ്ടി വന്നു പാലം പൊളിക്കൽ ആരംഭിക്കാനായിട്ട്. ഇത് അഴിമതി നേതാക്കൻമാർക്ക് നേരെ കാലം കരുതിവച്ചിരുന്ന ഒരു കാർട്ടൂൺ ആയിട്ടാണ് എനിക്ക് തോന്നുന്നത്.' ജിസ് ജോയ് ചൂണ്ടിക്കാട്ടി. ഒപ്പം രാഷ്ട്രീയ നേതാക്കളോട് ചില ചോദ്യങ്ങളും ജിസ് ജോയ് ആരായുന്നുണ്ട്.

' ഞങ്ങൾ ആരും നിങ്ങളെ വീട്ടിൽ നിന്നും നിർബന്ധിച്ചിറക്കി കൊണ്ട് വന്നിട്ട് നിങ്ങൾ ഈ നാട് നന്നാക്കണമെന്നോ ഭരിക്കണമെന്നോ പറഞ്ഞിട്ടില്ല. നിങ്ങൾ സ്വയം ഇഷ്ടത്തിന് സാമൂഹ്യ സേവനവും രാഷ്ട്ര സേവനവും നടത്താൻ വേണ്ടി വന്നവരാണ്. അതുകൊണ്ട്, അത് സത്യസന്ധമായി ഇനിയെങ്കിലും ചെയ്തൂടേ ? എന്നെങ്കിലും രാഷ്ട്രീയമൊക്കെ ഒതുക്കിവച്ച് ജീവിതത്തിന്റെ വിശ്രമവേളയിൽ ഒരു ചാരു കസേരയിൽ ചാഞ്ഞിരുന്നിട്ട് നിങ്ങൾ ആലോചിക്കില്ലേ, അല്ലെങ്കിൽ മനസാക്ഷി നിങ്ങളോട് ചോദിക്കില്ലേ അധികാരം കൈയ്യിലുണ്ടായിരുന്നിട്ടും സത്യസന്ധമായി ഈ നാടിന് വേണ്ടി എന്താണ് ചെയ്തതെന്ന്.? അല്ലെങ്കിൽ കട്ടുണ്ടാക്കിയത് മുഴുവൻ നിങ്ങൾ മരിക്കുമ്പോൾ അങ്ങനെയങ്ങ് കൊണ്ട് പോകാൻ പറ്റുമോ ? ' ജിസ് ജോയ് ചോദിക്കുന്നു.

' പാവങ്ങളുടെ പണമാണിത്. നമ്മുടെ രാജ്യം പാവങ്ങളുടേതാണ്. 48 കോടി മുടക്കി പണിത ഫ്ലൈഓവർ ഇനി 20 കോടി കൂടി മുടക്കി പൊളിച്ചു പണിയുകയാണ്. ഇത് കണ്ണീരിന്റെയും വിയർപ്പിന്റെയും ദുഃഖത്തിന്റെയും പണമാണ്. ഇനി ഈ പാലത്തിന്റെ പണി കഴിയുമ്പോഴെങ്കിലും അത് നല്ല കാലത്തിലേക്കുള്ള, അഴിമതിരഹിതരും സത്യസന്ധരും നാടിനെ സേവിക്കുന്നതുമായ സാമൂഹ്യപ്രവർത്തകരിലേക്കുമുള്ള കടത്തുപാലമാകട്ടെ പാലാരിവട്ടം പാലം ' അദ്ദേഹം കൂട്ടിച്ചേർത്തു.