life-mission-u-v-jose

കൊച്ചി: ലൈഫ് മിഷൻ സി.ഇ.ഒ യു.വി ജോസിന് സി.ബി.ഐ നോട്ടീസ്. വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകൾ ഹാജരാക്കാനാണ് നോട്ടീസ്. അടുത്തമാസം അഞ്ചിന് കൊച്ചിയിലെ ഓഫീസിൽ ഫയലുകൾ ഹാജരാകാനാണ് നിർദേശം നൽകിയിരിക്കുന്നത്. ഫയലുകളെ കുറിച്ച് വിശദീകരിക്കാൻ കഴിവുളള ഉദ്യോഗസ്ഥനും ഹാജരാകണം.

സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് നേരത്തെ ലൈഫ് മിഷൻ സി.ഇ.ഒ യു.വി ജോസിനെ ചോദ്യം ചെയ്‌തിരുന്നു. ഇതിനു പിന്നാലെ ധാരണാപത്രവും മുഴുവൻ സർക്കാർ രേഖകളും നൽകണം എന്നാവശ്യപ്പെട്ട് നേരത്തെ യു.വി.ജോസിന് എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ നോട്ടീസ് നൽകിയിരുന്നു.

ലൈഫ് മിഷനും റെഡ്ക്രസന്റും തമ്മിലുളള ധാരണാപത്രത്തിൽ ഒപ്പുവച്ചത് യു.വി.ജോസായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ വച്ചാണ് റെഡ് ക്രസന്റുമായി ലൈഫ് മിഷൻ സി.ഇ.ഒ യു.വി ജോസ് ധാരണാപത്രം ഒപ്പിട്ടത്. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് ഏകദേശം നാലേകാൽ കോടി രൂപയുടെ കമ്മീഷൻ ഇടപാടുകൾ നടന്നതായാണ് ആരോപണം.