piotr

അബുജ: നൈജീരിയയിൽ 13കാരനെ മതനിന്ദ കുറ്റം ചുമത്തി ജയിലിലടച്ച കുട്ടിക്ക് പകരം പത്തുവർഷത്തെ തടവുശിക്ഷ അനുഭവിക്കാൻ താനും കൂട്ടരും തയ്യാറാണെന്ന് പ്രഖ്യാപിച്ച് ഓഷ്വിറ്റ്സ് മെമ്മോറിയൽ പ്രസിഡന്റ് പിയോട്ടർ സിവിൻസ്‌കി. നൈജീരിയൻ പ്രസിഡന്റ് അനുവദിക്കുകയാണെങ്കിൽ താനടക്കം 120 സന്നദ്ധ പ്രവർത്തകർ ഓരോ മാസം വീതം കുട്ടിക്കുവേണ്ടി ശിക്ഷ അനുഭവിക്കാമെന്നാണ് പിയോട്ടർ വ്യക്തമാക്കിയിരിക്കുന്നത്.

ഒരു സുഹൃത്തുമായുള്ള തർക്കത്തിനിടെ അല്ലാഹുവിനെ നിന്ദിച്ചുവെന്ന് ആരോപിച്ച് തടവ് ശിക്ഷ വിധിച്ച ഒമർ ഫറൂഖിന്റെ കാര്യത്തിൽ ഇടപെടണമെന്ന് നൈജീരിയൻ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയോടും പിയോട്ടർ ആവശ്യപ്പെട്ടു.

വടക്കു-പടിഞ്ഞാറൻ ഭാഗത്തുള്ള ശരീഅത്ത് കോടതിയുടെതാണ് ശിക്ഷ. ജർമ്മൻ-നാസി പീഡന കേന്ദ്രമായിരുന്ന ഓഷ്വിറ്റ്സിൽ കുട്ടികളെ തടവിലിടുകയും കൊലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

'മനുഷ്യത്വത്തെ നിന്ദിക്കുന്ന ഈ ശിക്ഷയിൽ എനിക്ക് മിണ്ടാതിരിക്കാനാകില്ല."- ഓഷ്വിറ്റ്സ് മെമ്മോറിയൽ പങ്കുവച്ച ട്വീറ്റിൽ പിയോട്ടർ സിവിൻസ്കി പറയുന്നു.

"അവന് തന്റെ യൗവ്വനകാലമോ അവസരങ്ങളോ നഷ്ടപ്പെടാൻ പാടില്ല." എന്നാൽ പിയോട്ടറിന്റെ പ്രസ്താവനയെപ്പറ്റി അറിയില്ലെന്ന് നൈജീരിയൻ പ്രസിഡന്റിന്റെ വക്താക്കൾ പറഞ്ഞു.