anwar-ali

ന്യൂഡൽഹി : ഹൃദയസംബന്ധമായ ഗുരുതരപ്രശ്നമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് യുവ ഇന്ത്യൻ ഫുട്ബാളർ അൻവർ അലി കളിക്കളത്തിൽ തുടരുന്നത് അപകടമാണെന്ന് ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ മെഡിക്കൽ കമ്മറ്റിയുടെ അഭിപ്രായം.ക എന്നാൽ കമ്മറ്റിയുടെ ഔദ്യോഗിക ശുപാർശ വരും മുമ്പ് തന്നെ കളിക്കളത്തിൽ നിന്ന് വിലക്കിയതിനെതിരെ കോടതിയിലെത്തിയിരിക്കുകയാണ് 2017ലെ അണ്ടർ-17 ലോകകപ്പിൽ ഇന്ത്യക്കായി കളിച്ച അൻവർ അലി.

ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ ടാലന്റ് ഹണ്ടിലൂടെ കണ്ടെടുത്ത താരമാണ് പഞ്ചാബുകാരനായ അൻവർ അലിയെന്ന 20കാരൻ ഡിഫൻഡർ.അണ്ടർ -17 ലോകകപ്പ് കഴിഞ്ഞ് ഫെഡറേഷന്റെ ഐ-ലീഗ് ടീമായ പൈലാൻ ഇന്ത്യൻ ആരോസിലെത്തി.2018ൽ ഐ.എസ്.എൽ ക്ളബായ മുംബയ് സിറ്റി അലിയെ സ്വന്തമാക്കി. പക്ഷേ ഇവിടെവച്ച് നടത്തിയ പരിശോധനയിൽ ഹൃദയത്തിന് തകരാറുള്ളതായി കണ്ടെത്തി. ഇത് ഫെഡറേഷനെ അറിയിച്ചതോടെ അലിയെ കളിപ്പിക്കുന്നത് വിലക്കി. തുടർന്ന് അലി കൊൽക്കത്തയിലെ മൊഹമ്മദൻ സ്പോർട്ടിംഗുമായി കരാർ ഒപ്പിട്ടു. ഇവിടെയും പരിശീലനം നടത്തുന്നത് ഫെഡറേഷൻ വിലക്കിയതിനെത്തുടർന്നാണ് അലി തന്റെ ഉപജീവനം തടയുന്നു എന്ന പരാതിയുമായി കോടതിയെ സമീപിക്കാൻ ഒരുങ്ങിയത്.

അലിയുടെ മെഡിക്കൽ രേഖകൾ പരിശോധിച്ച ലിയാൻഡർ പെയ്സിന്റെ പിതാവ് കൂടിയായ വീസ് പെയ്സിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ കമ്മറ്റിയാണ് അപൂർവ്വരോഗം സ്ഥിരീകരിച്ചതെന്നും കളത്തിലിറക്കരുതെന്ന് ശുപാർശ നൽകിയതെന്നും ഫെഡറേഷൻ പറയുന്നു.ളിക്കളത്തിൽ വച്ച് മരണംവരെ സംഭവിച്ചേക്കാമെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. ഫ്രാൻസിലെ റെനെ സെന്റർ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ അലിയെ എത്തിച്ച് നടത്തിയ പരിശോധനയിലും ഇതേ കണ്ടെത്തലായിരുന്നു. കഴിഞ്ഞ ഒരുവർഷമായി കളിക്കളത്തിൽ ഇറങ്ങാൻ വിലക്ക് ഉള്ളതിനാൽ വരുമാനമില്ലെന്ന് അൻവർ അലി പറയുന്നു.

സംഭവം വിവാദമായതോടെ കളിക്കാരൻ എന്ന നിലയിൽ കരിയർ അവസാനിപ്പിക്കേണ്ടിവന്നാലും അലിയെ കൈവിടില്ലെന്ന വാഗ്ദാനവുമായി ഫെഡറേഷൻ എത്തിയിട്ടുണ്ട്. പരിശകലകനായോ, ഫുട്ബാൾ അഡ്മിനിസ്ട്രേറ്ററായോ പുതിയ കരിയർ തുടങ്ങാൻ വഴിയെരുക്കാമെന്നും എത്രയും പെട്ടെന്ന് കോച്ചിംഗ് ലൈസൻസ് നൽകാമെന്നുമാണ് ഫെഡറേഷൻ അറിയിച്ചിരിക്കുന്നത്.