nasal

സിഡ്നി: കൊവിഡ് മഹാമാരിക്കെതിരെ വാക്‌സിൻ കണ്ടുപിടിക്കുന്ന തിരക്കിലാണ് ലോക രാജ്യങ്ങൾ. അതിനിടെയിതാ ആസ്ട്രേലിയയിൽ നിന്ന് ഒരു പഠന റിപ്പോർട്ട് പുറത്തുവന്നു. നേസൽ സ്‌പ്രേ ഉപയോഗിച്ചതിലൂടെ കൊവിഡ് വൈറസിന്റെ വളർച്ച 95 ശതമാനത്തോളം നിയന്ത്രിക്കാൻ കഴിയുമെന്ന് ആസ്ട്രേലിയൻ ബയോടെക് കമ്പനിയായ ഇന റെസ്പിറേറ്ററി അവകാശപ്പെട്ടു.

മൃഗങ്ങളിൽ നടത്തിയ പരീക്ഷണത്തിലാണ് ഇത്തരമൊരു ഫലം കണ്ടെത്തിയത്. കീരി വർഗത്തിലുള്ള ജീവികളിലാണ് ഇന്ന- 051 (INNA - 051) എന്ന നേസൽ സ്പ്രേ പ്രയോഗിച്ചത്. ഇവരിൽ വൈറസിന്റെ അളവ് 96 ശതമാനം വരെ കുറഞ്ഞതായി കണ്ടെത്തിയെന്നും കമ്പനി പുറത്തുവിട്ട പഠന റിപ്പോർട്ടിൽ പറയുന്നു. ബ്രിട്ടീഷ് സർക്കാർ ഏജൻസിയായ പബ്ളിക് ഹെൽത്ത് ഇംഗ്ളണ്ടുമായി സഹകരിച്ചായിരുന്നു പഠന റിപ്പോർട്ട് തയാറാക്കിയത്. വാക്സിനുകൾക്ക് പകരമായി ഉപയോഗിക്കാവുന്ന ഈ മരുന്ന് വിശദമായ പഠനത്തിനു ശേഷം മനുഷ്യരിൽ പരീക്ഷിക്കാനായി അനുമതി തേടുമെന്നും കമ്പനി അറിയിച്ചു. ഇതിനായി നാലു മുതൽ ആറു മാസം വരെയാണ് കമ്പനി ആവശ്യപ്പെടുന്ന സാവകാശം. ഇന്ന- 051ന്റെ ഉത്പാദനം വർദ്ധിപ്പിക്കുന്നതിനായി 8.2 മില്യൺ ഡോളർ നിക്ഷേപം കമ്പനി സ്വരൂപിച്ചുകഴിഞ്ഞു. ഓസ്ട്രേലിയയിൽ ഇതുവരെ 2,7000 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 875 പേർ മരിച്ചു.