ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ വിഗ്രഹ നിര്‍മ്മാണശാലയില്‍ നിന്നും പഞ്ചലോഹവിഗ്രഹം കടത്തിക്കൊണ്ടുപോയെന്ന കേസില്‍ സുപ്രധാന വഴിത്തിരിവ്. നിര്‍മ്മാണശാലയുടെ തൊട്ടരികില്‍ ഉള്ള കുഴിയില്‍ നിന്ന് വിഗ്രഹം കണ്ടെടുത്തു. തൊഴിലാളികളെ ആക്രമിച്ച് സ്ഥാപനത്തിലെ താത്കാലിക ജീവനക്കാരനും സംഘവും വിഗ്രഹം കടത്തിക്കൊണ്ടുപോയെന്നായിരുന്നു ഉടമകളുടെ പരാതി.
സംഘര്‍ഷം നടന്നെങ്കിലും മോഷണം നടന്നതിന് തെളിവില്ലെന്ന് പൊലീസ് തുടക്കത്തില്‍ വ്യക്തമാക്കിയിരുന്നു. രണ്ട് കോടിയിലധികം രൂപ വിലവരുന്ന പഞ്ചലോഹ വിഗ്രഹം മോഷ്ടിച്ചെന്നായിരുന്നു പരാതി. കേസിലെ ദുരൂഹത നീങ്ങാന്‍ സ്ഥാപന ഉടമകളെ വിശദമായി ചോദ്യം ചെയ്യേണ്ടി വരുമെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ ഫോറന്‍സിക് വിദഗ്ദർ നടത്തിയ പരിശോധനയില്‍ മോഷണം നടന്നതിന് വ്യക്തമായ തെളിവുകള്‍ കിട്ടിയില്ല.
വിഗ്രഹ നിര്‍മാണശാലയിലെ തൊഴിലാളികളും മറ്റൊരു സംഘവുമായി കഴിഞ്ഞ ദിവസം രാത്രിയില്‍ ഏറ്റുമുട്ടല്‍ നടന്നെന്ന് പൊലീസിനും ബോധ്യമായി. ലണ്ടനിലെ ഒരു ക്ഷേത്രത്തില്‍, പ്രതിഷ്ഠയ്ക്കായി കൊണ്ടുപോകാന്‍ വച്ചിരുന്ന വിഗ്രഹമാണ് മോഷ്ടാക്കള്‍ കൊണ്ടു പോയതെന്നായിരുന്നു ഉടമകളുടെ മൊഴി. ഒരു മാസമായി അടഞ്ഞു കിടന്ന സ്ഥാപനമാണ്. സി.സി.ടി.വി ക്യാമറകള്‍ പ്രവര്‍ത്തിച്ചിരുന്നില്ല. അങ്ങനെയുള്ള സ്ഥലത്ത് ഇത്രയും വിലപിടിപ്പുള്ള വിഗ്രഹം സൂക്ഷിച്ചിരുന്നുവെന്ന് പൊലീസ് പൂര്‍ണ്ണമായി വിശ്വസിച്ചിരുന്നില്ല.