33 കാരനായ ജെയിംസ് മക്ഗിൽ ഗൂഗിളിലെ സീനിയർ അക്കൗണ്ട് മാനേജർ ആയിരുന്നു. അയർലൻഡിലെ ഡബ്ലിനിലുള്ള ഗൂഗിൾ മീഡിയ ടീമിലായിരുന്നു ജെയിംസിന്റെ ജോലി. ഏതാനും വർഷങ്ങൾക്ക് മുമ്പ് ജെയിംസിന്റെ ഒരു കൈയ്ക്ക് ഒടിവ് സംഭവിച്ചിരുന്നു. എന്നാൽ മുറിവ് ഭേദമായിരുന്നെങ്കിലും കൈയിൽ പതിവായി അസ്വസ്ഥതകൾ അനുഭവപ്പെട്ടിരുന്നു. കഴിഞ്ഞ ഡിസംബറോടെ ഒടിഞ്ഞ കൈയ്ക്ക് വേദന ഉൾപ്പെടെ സഹിക്കാനാകാതെ വന്നു. പതിയെ ജെയിംസിന്റെ കൈയ്യുടെ ചലന ശേഷി നഷ്ടമായി തുടങ്ങി.
പല ഡോക്ടർമാരെ സമീപിച്ചെങ്കിലും ആർക്കും കൃത്യമായ ഉത്തരം നൽകാൻ സാധിച്ചില്ല. ഒടുവിൽ ജെയിംസ് ഡബ്ലിനിലെ ബ്യൂമോണ്ട് ഹോസ്പിറ്റലിൽ ചികിത്സ തേടി. ക്രമേണ ജെയിംസിന്റെ ഇടതു കാലും അനക്കാൻ കഴിയാത്ത വിധമായി. ആഹാരം കഴിക്കാനും വെള്ളം കുടിക്കാനും ബുദ്ധിമുട്ട് അനുഭവപ്പെട്ട് തുടങ്ങി. വിദഗ്ദ്ധ പരിശോധനയിൽ ജെയിംസിന് മസ്തിഷ്കത്തിൽ ഡോക്ടർമാർ ക്ഷതം കണ്ടെത്തി. ഒടുവിൽ ഫലം വന്നതോടെ ഏവരും ഞെട്ടി. രക്താർബുദത്തിന്റെ രൂപമായ ലിംഫോമയായിരുന്നു ജെയിംസിന്.
ജെയിംസിന് കണ്ടെത്തിയത് വളരെ അപൂർവ ഇനം ക്യാൻസർ ആയിരുന്നു. ജെയിംസിന്റെ മസ്തിഷ്കത്തിലെ കോശങ്ങളിൽ നിന്നാണ് ക്യാൻസർ രൂപപ്പെട്ടത്. ഇതിനിടെ കൊവിഡ് വന്നതോടെ മാതാപിതാക്കൾ ഒഴികെ മറ്റാരെയും ജെയിംസിനെ കാണാൻ അനുവദിച്ചില്ല. 59 കിലോയോളമുണ്ടായിരുന്ന ജെയിംസിന്റെ ഭാരം മേയ് മാസത്തോടെ 37 കിലോയായി കുറഞ്ഞു. ഇതോടെ ഡോക്ടർമാർ 24 മണിക്കൂറാണ് ഒരു ഘട്ടത്തിൽ ജെയിംസിന് ആയുസ് പ്രവചിച്ചിരുന്നത്.
നിരവധി തവണ കീമോ നടത്തി. ഓരോ തവണയും മനസിന് ജെയിംസ് കൂടുതൽ ശക്തി പകർന്നു. മേയ് മാസത്തിൽ ജെയിംസിന് ഒന്നോ രണ്ടോ ദിവസങ്ങൾ മാത്രം ആയുസ് പറഞ്ഞ ഡോക്ടർമാർ ഇപ്പോൾ അത്ഭുതപ്പെട്ടിരിക്കുകയാണ്. ഡോക്ടർമാരെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവിശ്വസനീയമാം വിധം ജീവിതത്തിലേക്ക് മടങ്ങിവരാനുള്ള പോരാട്ടത്തിലാണ് ജെയിംസ് ഇപ്പോൾ. ഈ ക്രിസ്മസിന് കുടുംബത്തിനൊപ്പം വീട്ടിൽ ചെലവഴിക്കണമെന്നാണ് ഇപ്പോൾ ചികിത്സയിൽ തുടരുന്ന ജെയിംസിന്റെ ആഗ്രഹം.