ജനീവ: അർമീനിയയും അസർബൈജാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടൽ അവസാനിപ്പിച്ച് വെടിനിറുത്തൽ പ്രഖ്യാപിക്കണമെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അഭ്യർത്ഥിച്ചു. അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവ്, അർമീനിയൻ പ്രധാനമന്ത്രി നികോൾ പഷ്‌നിയാൻ എന്നിവരെ ഫോണിൽ വിളിച്ച് അദ്ദേഹം സമാധാനത്തിന് ആഹ്വാനം ചെയ്തു.
ഔദ്യോഗികമായി അധികാരം അസർബൈജാനാണെങ്കിലും അർമീനിയൻ നിയന്ത്രണത്തിലുള്ള നഗോർണോ-കരാബാഗ് പ്രദേശത്തെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിന് കാരണം. മൂന്നു ദിവസമായി ഇരു രാജ്യങ്ങളും തമ്മിൽ ഏറ്റുമുട്ടൽ നടക്കുകയാണ്.
ഞായറാഴ്ച ആരംഭിച്ച ഏറ്റുമുട്ടൽ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും തുടർന്നതോടെ ഇരു ഭാഗത്തുമായി വൻ ആൾനാശമുണ്ടായി. 550ലധികം അർമീനിയൻ സൈനികർ കൊല്ലപ്പെട്ടതായി അസർബൈജാൻ പ്രതിരോധ മന്ത്രാലയം വാർത്താ ഏജൻസിയെ അറിയിച്ചു. ഇൗ വിവരം നിഷേധിച്ച അർമീനിയൻ പ്രതിരോധ മന്ത്രാലയം 200ലേറെ പേർക്ക് പരിക്കേറ്റതായി വ്യക്തമാക്കി. നഗോർണോ-കരോബാക് പ്രദേശത്തെ നിയന്ത്രിക്കുന്ന 31 സൈനികർ കൊല്ലപ്പെട്ടതായി പ്രദേശത്തെ സ്വതന്ത്ര ഭരണകൂടം അറിയിച്ചു.
ആറു സിവിലിയന്മാർ മരിക്കുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അസർബൈജാൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
അർമീനിയൻ സൈന്യം തർതാർ പട്ടണത്തിലേക്ക് ഷെല്ലാക്രമണം നടത്തിയതാണ് തിങ്കളാഴ്ചത്തെ സംഘർഷത്തിന് കാരണമെന്ന് അസർബൈജാൻ ആരോപിച്ചു. ഞായറാഴ്ച രാത്രി മുഴുവൻ അസർബൈജാൻ ആക്രമണം തുടർന്നതായും തിങ്കളാഴ്ച രാവിലെ രൂക്ഷമാക്കുകയായിരുന്നുവെന്നും അർമീനിയൻ ഉദ്യോഗസ്ഥരും വ്യക്തമാക്കി. തുർക്കി സിറിയയിൽനിന്ന് 4000 സൈനികരെ അസർബൈജാന്റെ സഹായത്തിനായി എത്തിച്ചതായി അർമീനിയ ആരോപിച്ചു. അസർബൈജാൻ അധികൃതർ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്.
1988 മുതൽ പ്രദേശത്തെ ചൊല്ലി ഇരുരാജ്യങ്ങളും സംഘർഷത്തിലാണ്. 1994ൽ നടന്ന ചർച്ചക്ക് ശേഷം വെടിനിറുത്തൽ യാഥാർത്ഥ്യമായെങ്കിലും പലപ്പോഴായി ചെറിയ സംഘർഷങ്ങൾ മേഖലയിൽ ഉണ്ടായിട്ടുണ്ട്.