കൊല്ലം: കൊട്ടാരക്കര ഗവ.ഹയർ സെക്കൻഡറി സ്കൂളിന് പുതിയ പ്രവേശന കവാടം നിർമ്മിക്കുന്നു. കാെട്ടാരക്കര- ഓയൂർ റോഡിലേക്ക് തുറക്കുന്ന വിധത്തിൽ റോഡിന്റെ മറുവശത്തുള്ള സ്കൂൾ ഗ്രൗണ്ടിന് അഭിമുഖമായിട്ടാണ് പുതിയ പ്രവേശന കവാടം. ഇവിടെയുള്ള മതിൽ പൊളിച്ച് നീക്കിയ ശേഷം പുനർ നിർമ്മിക്കുന്നതിനൊപ്പമാണ് പ്രവേശന കവാടവും നിർമ്മിക്കുക. സ്കൂളിന് നിലവിൽ രണ്ട് പ്രവേശന കവാടങ്ങളുണ്ട്. ഇതിൽ ടി.ബി. ജംഗ്ഷനിലെ പ്രവേശന കവാടം അടയ്ക്കാനാണ് തീരുമാനം. കെട്ടിലും മട്ടിലും പ്രൗഡി നിലനിർത്തുന്ന പുതിയ കവാടത്തിനാണ് ഇനി പ്രാധാന്യം. വ്യാപാര ഭവന് മുന്നിലെ പ്രവേശന കവാടം അടുത്തകാലത്ത് പുനർ നിർമ്മിച്ചതാണ്. ഇത് നിലനിർത്തും. ഒന്നേകാൽ നൂറ്റാണ്ടിന്റെ പെരുമയുള്ള വിദ്യാലത്തിന്റെ ഹൈടെക് വികസന പദ്ധതികൾ നടന്നുവരികയാണ്. നിർമ്മാണം പൂർത്തിയാക്കിയ രണ്ട് ബഹുനില കെട്ടിടങ്ങൾ ഒന്നര ആഴ്ച മുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തിരുന്നു. കിഫ്ബിയിൽ നിന്ന് അഞ്ച് കോടി രൂപ അനുവദിച്ചാണ് ആദ്യഘട്ട കെട്ടിട നിർമ്മാണം നടത്തിയത്. ബാക്കി കെട്ടിടങ്ങളുടെ നിർമ്മാണം നടന്നുവരികയാണ്.
ആർ.ശങ്കറിന്റെ പേര് നൽകണം
കൊട്ടാരക്കരയിലെ മുത്തശ്ശി വിദ്യാലയമാണ് കൊട്ടാരക്കര ഗവ.ഹയർസെക്കൻഡറി സ്കൂൾ. മുമ്പ് ആൺകുട്ടികൾ മാത്രം പഠിക്കുന്ന വിദ്യാലയമായിരുന്നു. എന്നാൽ ഇപ്പോൾ പെൺകുട്ടികളുമെത്തിയതോടെ അടുത്തിടെയാണ് ബോയ്സ് സ്കൂൾ എന്നു പേരുമാറ്റിയത്. മുൻ മുഖ്യമന്ത്രി ആർ.ശങ്കർ ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥിയായിരുന്നു. അതുകൊണ്ടുതന്നെ സ്മരണ നിലനിർത്തുന്ന വിധം സ്കൂളിന് നിർമ്മിക്കുന്ന ആഡിറ്റോറിയത്തിനും പ്രവേശന കവാടത്തിനും ആർ.ശങ്കറിന്റെ പേര് നൽകണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. ശ്രീനാരായണീയ സംഘടനകൾ ഈ ആവശ്യം ഉന്നയിച്ച് സ്കൂൾ അധികൃതർക്കും വിദ്യാഭ്യാസ വകുപ്പിനും ജനപ്രതിനിധികൾക്കും നിവേദനം നൽകും.