തിരുവനന്തപുരം: സ്ത്രീകളെ വീഡിയോകളിലൂടെ അപമാനിച്ചതിന് അറസ്റ്റിലായ അശ്ലീല യൂടൂബര്‍ വിജയ് പി നായര്‍ക്ക് എതിരെ വീണ്ടും പരാതി. യൂടൂബ് വീഡിയോകളിലൂടെ സൈനികരെ അപമാനിച്ചെന്നാണ് പുതിയ പരാതിയിൽ പറയുന്നത്. തലസ്ഥാനം ആസ്ഥാനമായുള്ള സൈനികരുടെ സംഘടന വീഡിയോ ഉള്‍പ്പെടെ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കി.
സൈനികര്‍ അതിര്‍ത്തിയില്‍ കഴിയുന്നവരാണ് അതിനാൽ അവര്‍ക്ക് സ്ത്രീകളുടെ സാമീപ്യം ഇല്ലെന്നും അത് കൊണ്ട് പല തരത്തിലുള്ള വൈകൃതങ്ങള്‍ക്കും ഇവര്‍ അടിമകളാണെന്നുമായിരുന്നു യൂടൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ വിജയ് പി നായരുടെ പരാമര്‍ശം.
കഴിഞ്ഞദിവസം വിജയ് പി നായരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയായിരുന്നു, കല്ലിയൂരിലെ വീട്ടില്‍ നിന്ന് കഴിഞ്ഞദിവസം ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. പോസ്റ്റ് ചെയ്ത വീഡിയോകളും യൂടൂബ് ചാനലും നീക്കം ചെയ്തിരുന്നു. vitrix scene എന്നായിരുന്നു യൂടൂബ് ചാനലിന്റെ പേര്. ആദ്യം സിനിമ സംബന്ധിയായും സ്റ്റോക്ക് മാര്‍ക്കറ്റിംഗ് സംബന്ധിച്ചും ആയിരുന്നു യൂടൂബ് ചാനലില്‍ വീഡിയോകള്‍ ചെയ്തിരുന്നത്. പിന്നീട് ഇത് സ്ത്രീവിരുദ്ധതയിലേക്കും അശ്ലീലതയിലേക്കും മാറുകയായിരുന്നു. ചില സ്ത്രീകളെ പേരെടുത്ത് പറഞ്ഞും മറ്റ് ചിലരുടെ പേരെടുത്ത് പറയാതെ അവര്‍ ആരാണെന്ന് വ്യക്തമാക്കുന്ന രീതിയിലുമായിരുന്നു വീഡിയോ തയ്യാറാക്കിയിരുന്നത്.