ന്യൂഡൽഹി:ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനീസ് കപ്പലുകളെ ഉൾപ്പെടെ നിരീക്ഷിക്കാൻ ഇന്ത്യ ഒരു ഡോണിയർ വിമാനം മാലദ്വീപിന് നൽകി. മാലദ്വീപ് നാഷണൽ ഡിഫൻസ് ഫോഴ്സ് (എം.എൻ.ഡി.എഫ്) വിമാനം ഉപയോഗിക്കും. പ്രവർത്തന ചെലവ് ഇന്ത്യ വഹിക്കും. പൈലറ്റുമാരും എൻജിനിയർമാരും അടക്കം ഏഴുപേർക്ക് ഇന്ത്യൻ നാവികസേന പരിശീലനം നൽകിയിട്ടുണ്ട്.
ഇരുരാജ്യങ്ങളിലെയും സർക്കാരുകൾ തമ്മിലേർപ്പെട്ട കരാറിന്റെ അടിസ്ഥാനത്തിലാണ് വിമാനം കൈമാറിയത്. വിമാനം എത്തിയതായി മാലെയിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ ട്വീറ്റ് ചെയ്തു. മാലദ്വീപ് മുൻ പ്രസിഡന്റ് അബ്ദുള്ള യാമീൻ 2016 ൽ ഇന്ത്യ സന്ദർശിച്ചപ്പോൾ ഒരു വിമാനം നൽകണമെന്ന് അഭ്യർത്ഥിച്ചിരുന്നു. നിലവിലെ പ്രസിഡന്റ് ഇബ്രാഹീം സോലിഹാണ് ഇതിന്റെ നീക്കങ്ങൾ വേഗത്തിലാക്കിയത്.
പ്രയോജനങ്ങൾ
മേഖലയിലെ ചൈനീസ് കപ്പലുകളുടെ നീക്കങ്ങളുടെയും വിവരങ്ങൾ ഇന്ത്യയ്ക്ക് ലഭിക്കും.
അനധികൃത മത്സ്യബന്ധനം, മയക്കുമരുന്ന് കടത്ത്, മനുഷ്യക്കടത്ത് തുടങ്ങിയവ തടയാം
ഭീകരവിരുദ്ധ നീക്കങ്ങൾക്കും ഉപയോഗപ്പെടുത്തും.