ഡാൻസ് റിയാലിറ്റി ഷോയ്ക്കിടെ നടിയും ഡാൻസറുമായ നോറ ഫത്തേഹിയോട് കൊറിയോഗ്രാഫർ ടെറൻസ് ലെവിസ് മോശമായി പെരുമാറി എന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയ്ക്കെതിരെ പ്രതികരണവുമായി നോറ ഫത്തേഹി രംഗത്ത്. ഇൻസ്റ്റഗ്രാമിലൂടെയാണ് നോറയുടെ പ്രതികരണം.
വിഷയത്തിൽ നദി മുറിച്ചു കടക്കാൻ കഴിയാതെ നിന്ന പെൺകുട്ടിയെ എടുത്ത് മറുകരയിലെത്തിച്ച് സഹായിച്ച സെൻ ഗുരുവിന്റെ കഥയാണ് വിമർശകർക്കുള്ള മറുപടിയായി ലെവിസ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ഇതിന് താഴെ ലെവിസിനോടുള്ള തന്റെ പിന്തുണ നോറ കമ്മന്റായി രേഖപ്പെടുത്തുകയായിരുന്നു.
' സോഷ്യൽ മീഡിയ മീമുകൾക്കായി ഫോട്ടോഷോപ്പ് ഇഫക്ടുകളും വീഡിയോ മോർഫിംഗുകളും ചെയ്യുന്ന ഇക്കാലത്ത് ഈ വിഷയങ്ങളിൽ നിങ്ങൾ ശ്രദ്ധിക്കാത്തതിലും മാന്യത പുലർത്തുന്നതിലും നന്ദിയുണ്ട് ' ലെവിസിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിന് മറുപടിയായി നോറ കുറിച്ചു. ലെവിസും ഷോയിലെ മറ്റൊരു ജഡ്ജ് ആയ ഗീതയും തന്നോട് മാന്യമായിട്ടാണ് പെരുമാറിയതെന്നും നോറ പറഞ്ഞു.
റോക്ക് ദ പാർട്ടി ( റോക്കി ഹാൻഡ്സം), ദിൽബർ ( സത്യമേവജയതേ), സാകി സാകി ( ബദ്ല ഹൗസ് ) തുടങ്ങിയ ഐറ്റംനമ്പറുകളിലൂടെയും ബെല്ലി ഡാൻസുകളിലൂടെയുമാണ് നോറ പ്രസിദ്ധയായത്.