plane

ന്യൂഡൽഹി : ലോകത്തെ ഏറ്റവും വലിയ എയർലൈൻ ശൃംഖലകളിൽ ഒന്നായ ജർമനിയുടെ ലുഫ്താൻസ എയർലൈൻ സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 20 വരെയുള്ള ഇന്ത്യയിൽ നിന്നുള്ള എല്ലാ ഫ്ലൈറ്റുകളും റദ്ദാക്കി. നിലവിൽ രാജ്യത്ത് സർവീസ് നടത്താൻ അനുവദിക്കപ്പെട്ടിട്ടുള്ള ഫ്ലൈറ്റുകളുടെ എണ്ണത്തെ ചൊല്ലി സർക്കാരുമായുണ്ടായ തർക്കമാണ് സർവീസുകൾ റദ്ദാക്കാൻ കാരണം.

ഒക്ടോബറിലേക്കുള്ള തങ്ങളുടെ ഫ്ലൈറ്റ് ഷെഡ്യൂൾ ഇന്ത്യൻ സർക്കാർ നിരസിച്ചതിനാലാണ് സെപ്റ്റംബർ 30 നും ഒക്ടോബർ 20 നും ഇടയിൽ ജർമനിയ്ക്കും ഇന്ത്യയ്ക്കും ഇടയിലുള്ള എല്ലാ സർവീസുകളും റദ്ദാക്കുന്നതെന്ന് ലുഫ്താൻസ എയർലൈൻ പ്രസ്താവനയിൽ അറിയിച്ചു.ലുഫ്താൻസ നിലവിൽ ആഴ്ചയിൽ ഇന്ത്യയ്ക്കും ജർമനിയ്ക്കും ഇടയിൽ നടത്തുന്നത് 20 സർവീസുകൾ ആണെന്ന് വ്യോമയാന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശിയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അതേ സമയം, ഇന്ത്യൻ എയർലൈൻ കമ്പനികൾ ആഴ്ചയിൽ മൂന്നോ നാലോ സർവീസുകൾ മാത്രമാണ് നടത്തുന്നത്. ഇന്ത്യൻ എയർലൈൻ സർവീസുകൾ ഇത് കാര്യമായ നഷ്ടമുണ്ടാക്കുന്നതായാണ് വിലയിരുത്തൽ. തുടർന്ന് ആഴ്ചയിൽ ഏഴ് സർവീസുകളായി ചുരുക്കുന്ന കാര്യം സർക്കാർ മുന്നോട്ട് വച്ചെങ്കിലും ലുഫ്താൻസ അത് നിരസിച്ചു. ഇതു സംബന്ധിച്ച് സർക്കാരും ലുഫ്താൻസ അധികൃതരും തമ്മിലുള്ള ചർച്ചകൾ തുടരുകയാണ്.