കൊളംബോ:ശ്രീലങ്കയിൽ കന്നുകാലിരളെ കശാപ്പ് ചെയ്യുന്നതിന് നിരോധനം ഏർപ്പെടുത്തി സർക്കാർ. ഇതിന് മന്ത്രിസഭായോഗം അംഗീകാരം നൽകിയതായും നിയമം ഉടൻ പ്രാബല്യത്തിൽ വരുമെന്നും കാബിനറ്റ് വക്താവ് കെഹെലിയ റംബുക്വെല്ല വ്യക്തമാക്കി. എന്നാൽ രാജ്യത്ത് മാംസാഹാരം കഴിക്കുന്നവർക്കായി പുറം രാജ്യങ്ങളിൽ നിന്നും ഇത് ഇറക്കുമതി ചെയ്യാമെന്നും അദ്ദേഹം അറിയിച്ചു.
നിലവിൽ രാജ്യത്തുളള നിയമത്തിൽ മാറ്റം വരുത്തും. ഇതിനായി കന്നുകാലി കശാപ്പ് ഓർഡിനൻസ്, മറ്റ് അനുബന്ധ നിയമങ്ങളും ചട്ടങ്ങളും ഭേദഗതി ചെയ്യാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രിസഭ അറിയിച്ചു.അതോടൊപ്പം കാർഷിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാനകാത്ത പ്രായമായ കന്നുകാലികൾക്കായി പ്രത്യേക പദ്ധതികൾ തയ്യാറാക്കുമെന്നും സർക്കാർ അറിയിച്ചു. ശ്രീലങ്കയിലെ ഗ്രാമീണ ജനതയുടെ ഉപജീവനമാർഗം വികസിപ്പിക്കുന്നതിന് കന്നുകാലി വിഭവത്തിന്റെ സംഭാവന ഏറെ വലുതാണെന്നും മന്ത്രിസഭായോഗം വിലയിരുത്തി.
രാജ്യത്ത് കന്നുകാലികളെ കശാപ്പ് ചെയ്യുന്നത് നിരോധിക്കണമെന്നുളള പ്രധാനമന്ത്രി മഹീന്ദ രാജപക്സെയുടെ നിർദേശത്തിന് ഇക്കഴിഞ്ഞ സെപ്റ്റംബർ എട്ടിനാണ് ഭരണകക്ഷിയായ ശ്രീലങ്കയിലെ എസ്.എൽ.പി.പി അംഗീകാരം നൽകിയത്.