കൊച്ചി: സമൂഹമാദ്ധ്യമങ്ങളില്‍ ഏറെ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ച 'നീതു ജോണ്‍സണ്‍' താനാണെന്ന സി.പി.എം പ്രചാരണത്തിനെതിരെ കെ.എസ്.യു നേതാവ് ശ്രീദേവ് സോമന്‍ പൊലീസില്‍ പരാതി നല്‍കി. ലൈഫ് മിഷന്‍ പദ്ധതിയുടെ ഗുണഭോക്താവ് എന്ന രീതിയിലാണ് മങ്കരയിലെ 'നീതു ജോണ്‍സണ്‍' എന്ന വിദ്യാര്‍ഥിനി അനില്‍ അക്കരക്ക് കത്തെഴുതിയിരുന്നത്. വടക്കാഞ്ചേരിയില്‍ ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട കുടുംബത്തിലെ പെണ്‍കുട്ടിയുടേതെന്ന എന്ന പേരില്‍ സ്ഥലം എം.എല്‍.എ ആയ അനില്‍ അക്കരക്ക് എഴുതിയ കത്ത് സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു.
വടക്കാഞ്ചേരി എം.എല്‍.എ അനില്‍ അക്കരയ്ക്ക് നീതു ജോണ്‍സണ്‍ എന്ന അക്കൗണ്ടില്‍ നിന്നും കത്തെഴുതിയത് താനാണെന്ന തരത്തില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വ്യാജ പ്രചാരണം നടത്തുകയാണ്. അനില്‍ അക്കരയെ കണ്ടിട്ടുണ്ട് എന്നല്ലാതെ എനിക്ക് അദ്ദേഹത്തേയോ അദ്ദേഹത്തിന് തന്നെയോ പരിചയമില്ലെന്നും ശ്രീദേവ് സോമന്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
വീടില്ലാതെ പുറമ്പാക്കില്‍ കഴിയുകയാണെന്ന് കത്തെഴുതിയ 'നീതു ജോണ്‍സണ്' വീടും സ്ഥലവും നല്‍കാന്‍ അനില്‍ അക്കര എം.എല്‍.എ ഇന്ന് റോഡരികില്‍ രണ്ടര മണിക്കൂർ കാത്തിരുന്നു. എന്നാല്‍, നീതുവോ കുടുംബമോ വന്നില്ല. ഒടുവില്‍, രാവിലെ ഒമ്പത് മണിമുതല്‍ റോഡരികില്‍ കാത്തുനിന്ന എം.എല്‍.എയും രമ്യ ഹരിദാസ് എം.പിയും 11.30 ഓടെ മടങ്ങുകയായിരുന്നു. എന്നാല്‍ കത്തെഴുതിയ 'നീതു ജോണ്‍സണ്‍' സി.പി.എം കേന്ദ്രങ്ങള്‍ സൃഷ്ടിച്ച വ്യാജ പ്രൊഫൈലാണെന്നാണ് അനില്‍ അക്കര ആരോപിക്കുന്നത്.