തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും നീളംകൂടിയ കലാമേളയായ ‘ സൂര്യാ ഫെസ്റ്റിവൽ ’ നാളെ മുതൽ ആരംഭിക്കും. കൊവിഡ് പശ്ചാത്തലത്തിൽ ഇക്കൊല്ലം പതിനൊന്നു ദിവസമായി ചുരുക്കി ഓൺലൈനായാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. എല്ലാ പരിപാടികളും മുൻകൂട്ടി റെക്കോർഡ് ചെയ്‌തതായിരിക്കും അവതരിപ്പിക്കുക. അര മണിക്കൂർ മാത്രമായിരിക്കും ഒാരോ ദിവസത്തെയും പരിപാടിയുടെ ദൈർഘ്യം. ഒന്നാം ദിവസമായ നാളെ യേശുദാസ് മേളയിൽ പാടും. തുടർച്ചയായ 43ാം വർഷമാണ് യേശുദാസ് സൂര്യഫെസ്റ്റിവലിൽ പാടുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ മഞ്ജു വാര്യർ, ലക്ഷ്മി ഗോപാലസ്വാമി, ദിവ്യാ ഉണ്ണി, ആശാ ശരത്, പ്രിയദർശിനി ഗോവിന്ദ്, രമാ വൈദ്യനാഥൻ, മീനാക്ഷി ശ്രീനിവാസൻ, നീനാ പ്രസാദ്, ജാനകി രംഗരാജൻ എന്നിവർ പങ്കെടുക്കും. 11ാം ദിവസം സൂര്യയുമായി അടുപ്പമുണ്ടായിരുന്ന പണ്ഡിറ്റ് ഭീംസെൻ ജോഷിക്കും പണ്ഡിറ്റ് ജസ് രാജിനും പ്രണാമമർപ്പിച്ച് അവരുടെ കച്ചേരികൾ പണ്ഡിറ്റ് രമേഷ് നാരായണൻ അവതരിപ്പിക്കും. ഇക്കൊല്ലം നടത്താനിരുന്ന 111 ദിവസത്തെ മേള അടുത്ത കൊല്ലം നടത്തും. ഡിസംബർ 21 മുതൽ സ്റ്റേജ് പരിപാടികളും സിനിമാപ്രദർശനങ്ങളും നടത്തി തുടങ്ങാനാണ് തീരുമാനം.