pic

മുംബയ്: ബോളിവുഡ് നടി കങ്കണ റാവത്തിനെതിരെയുളള ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ വിവാദപരാമർശത്തിൽ ഹെെക്കോടതിയുടെ വിമർശനം. കങ്കണയുടെ വാദങ്ങളോട് പൂർണമായും യോജിക്കുന്നില്ല. എന്നാൽ നടിയെ അഭിസംബോധന ചെയ്യ്ത രീതി ശരിയാണോയെന്നും കോടതി ചോദിച്ചു.

"മഹാരാഷ്ട്രക്കാരായതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. എന്നാൽ ഇത് പ്രതികരിക്കാനുള്ള വഴിയാണോ? നിങ്ങൾ ക്ഷമ കാണിക്കണമായിരുന്നു. നിങ്ങൾക്ക് അത്തരം ഭാഷ ഉപയോഗിക്കാൻ പാടില്ല." കോടതി പറഞ്ഞു.

നടിക്കെതിരെയുളള പരാമർശം ഒഴിവാക്കാമായിരുന്നുവെന്നും എന്നാൽ കങ്കണയുടെ പരാതി സത്യസന്ധമല്ലെന്നും നടി സജയെ പ്രകോപിപ്പിച്ചിട്ടുണ്ടെന്നും സഞ്ജയ് റാവത്തിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ഇതിനൊപ്പം താൻ കങ്കണയെ ഭീഷണിപ്പെടുത്തിയട്ടില്ലെന്ന് കാണിച്ച് സഞ്ജയ് കോടതിയിൽ സത്യവാങ്മൂലം നൽകി. സഞ്ജയ് നടിക്കെതിരെ ഒരുതരത്തിലുളള വെല്ലുവിളിയും നടത്തിയിട്ടില്ലെന്നും പരാതിക്കാരി സത്യസന്ധയല്ലെന്ന് മാത്രമാണ് പറഞ്ഞതെന്നും അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.

മുംബയ് നഗരം പാക് അധിനിവേശ കാശ്മീരാണെന്ന കങ്കണയുടെ പ്രസ്തവനയ്ക്ക് പിന്നാലെയാണ് നടിക്കെതിരെ വിവാദ പരാമർശവുമായി സഞ്ജയ് റാ‌വത്ത് രംഗത്ത് വന്നത്. നടൻ സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് മുംബയ് പൊലീസിന്റെ അന്വേഷണം സംബന്ധിച്ച പരാമർശമാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. തുടക്കം തന്നെ പൊലീസിനെതിരെ കങ്കണ രൂക്ഷ വിമർശനങ്ങൾ ഉയർത്തിയിരുന്നു.