kozhipunk

കെ. സച്ചിദാനന്ദന്റെ ‘കോഴിപ്പങ്ക്' എന്ന കവിത മ്യൂസിക് വീഡിയോ ആവുന്നു. റൈറ്റിംഗ് കമ്പനിയുടെ ബാനറിൽ മുഹ്സിൻ പരാരി ആണ് ‘കോഴിപ്പങ്ക്’ നിർമ്മിച്ച് അവതരിപ്പിക്കുന്നത്. ഇന്ന് രാത്രി 8 മണിക്ക് റൈറ്റിംഗ് കമ്പനിയുടെ യൂട്യൂബ് ചാനലിൽ വീഡിയോ റിലീസ് ചെയ്തു. ശേഖർ സംഗീതം ചിട്ടപ്പെടുത്തി, ശ്രീനാഥ് ഭാസി പാടിയ കോഴിപ്പങ്കിന് ദൃശ്യാവിഷ്കാരം നൽകിയിരിക്കുന്നത് അഭിലാഷ് കുമാർ ആണ്. 'ഡാ തടിയാ', '22 ഫിമെയിൽ കോട്ടയം' തുടങ്ങിയ ചിത്രങ്ങളുടെ രചയിതാവ് ആണ് അഭിലാഷ് കുമാർ.

തിരക്കഥാകൃത്തും സംവിധായകനുമായ മുഹ്സിൻ പരാരിയുടെ സംരംഭമായ റൈറ്റിംഗ് കമ്പനിയുടെ ആദ്യത്തെ പ്രൊജക്റ്റ് ആണ് കോഴിപ്പങ്ക്. സലീം കുമാർ, ഇന്ദ്രൻസ് എന്നീ സിനിമാതാരങ്ങളോടൊന്നിച്ച് ശേഖർ തന്നെ സംഗീതം ചിട്ടപ്പെടുത്തുന്ന രണ്ട് പ്രൊജക്റ്റുകളാണ് അടുത്തതായി യൂട്യൂബിൽ റൈറ്റിംഗ് കമ്പനി അവതരിപ്പിക്കാൻ ഇരിക്കുന്നത്.

റൈറ്റിംഗ് കമ്പനി പ്രാഥമികമായ തിരക്കഥകൾ ഉൽപാദിപ്പിക്കുന്നതിലും അതിനെ അനുയോജ്യമായ പ്ലാറ്റ്ഫോമുകളിൽ എത്തിക്കുകയും ചെയ്യുന്നതിൽ ശ്രദ്ധ ചെലുത്തുന്ന ഒരു സംരംഭമായിരിക്കും. ആയതിനാൽ തന്നെ യൂട്യൂബ് കമ്പനി പോലുള്ള പ്ലാറ്റ്ഫോമുകൾക്ക് പുറമെ ചലചിത്ര വ്യവസായത്തിന്റെയും എഴുത്തിന്റെയും എല്ലാ സാദ്ധ്യതകളിലും കമ്പനി സംഭാവനകൾ അർപ്പിക്കാൻ ആഗ്രഹിക്കുന്നു.

വിശ്വപ്രസിദ്ധനായ കവിയായ സച്ചിദാനന്ദന്റെ 'കോഴിപ്പങ്ക്' ജനപ്രിയ സംസ്കാരത്തിൽ അവതരിപ്പിക്കുക എന്നത് റൈറ്റിംഗ് കമ്പനിയുടെ ലോഞ്ചിംഗ് പ്രൊജക്റ്റ് ആണ്. സാംസ്കാരിക കേരളത്തിനും ജനപ്രിയ സംസ്കാരത്തിനും ഒരു പോലെ സംഭാവനകൾ അർപ്പിക്കാൻ കഴിയുക എന്നതാണ് റൈറ്റിംഗ് കമ്പനിയുടെ ലക്ഷ്യമിടുന്നത്.