ലക്‌നൗ:ഉത്തർപ്രദേശിൽ കൂട്ടബലാത്സംഗത്തിനിരയായി മരിച്ച യുവതിയുടെ മൃതദേഹം സംസ്‌കരിച്ചു. ഉത്തർപ്രദേശിലെ ഹത്രാസിൽ പുലർച്ചയോടെയാണ് സംസ്കാരം നടന്നത്. തങ്ങളുടെ അനുമതിയില്ലാതെ പൊലീസ് തിരക്കിട്ട് മൃതദേഹം സംസ്‌കരിച്ചെന്ന് ഇരുപതുകാരിയുടെ കുടുംബം ആരോപിച്ചു
'പൊലീസ് ബലം പ്രയോഗിച്ച് മൃതദേഹം സംസ്കാരത്തിനായി കൊണ്ട് പോകുകയായിരുന്നു. തെളിവ് നശിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.'- യുവതിയുടെ സഹോദരൻ ആരോപിച്ചു. എന്നാൽ യുവതിയുടെ കുടുംബാംഗങ്ങളുടെ സമ്മതത്തോടെയാണ് സംസ്കാരം നടന്നതെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.
HAPPENING NOW — #Hathras rape victim’s body has reached her native village, Boolgarhi in Hathras, where the horrific incident took place. SP, DM, Joint Magistrate all here accompanying the family. My camera person Wakar and I will get you all the updates all through the night pic.twitter.com/VxEWDVVpsU
— Tanushree Pandey (@TanushreePande) September 29, 2020
കഴിഞ്ഞ 14ന് പാടത്ത് പുല്ല് വെട്ടാനായി അമ്മയ്ക്കും ജ്യേഷ്ഠനുമൊപ്പം പോയ യുവതിയെ തട്ടിക്കൊണ്ട് പോയി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.സഹോദരൻ പുല്ലുമായി വീട്ടിലേക്ക് പോയപ്പോൾ അമ്മയും ഇരുപതുകാരിയും പാടത്ത് തന്നെ നിന്നു. അമ്മ മുന്നോട്ട് നീങ്ങിയപ്പോൾ, പിന്നിലൂടെത്തിയ നാലംഗ സംഘം യുവതിയുടെ ഷാൾ കഴുത്തിൽ ചുറ്റി ബാജ്‌റ വിളകൾക്കിടയിലൂടെ വലിച്ചിഴച്ചുകൊണ്ടു പോകുകയായിരുന്നു. തുടർന്ന് ക്രൂരമായി ബലാത്സംഗം ചെയ്തശേഷം നാവ് മുറിച്ചെടുത്തു.
ഗുരുതരാവസ്ഥയിലായിരുന്ന ഇരുപതുകാരി ഇന്നലെ രാവിലെ ഡൽഹിയിലെ ആശുപത്രിയിൽവച്ചാണ് മരണത്തിന് കീഴടങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസികളായ സന്ദീപ്, രാമു, ലവ്കുഷ്, രവി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.സംഭവ ദിവസം തന്നെ പരാതി നൽകിയിട്ടും ഉന്നത ജാതിയിൽപ്പെട്ട പ്രതികൾക്കെതിരെ പൊലീസ് കേസെടുക്കാൻ തയ്യാറായില്ലെന്ന് യുവതിയുടെ സഹോദരൻ നേരത്തെ ആരോപിച്ചിരുന്നു.