adwani-murali-manohar-jos

ന്യൂഡൽഹി: ബാബറി മസ്‌ജിദ് തകർത്ത കേസിൽ ലഖ്‌നൗ സി.ബി.ഐ കോടതിയുടെ നിർണായക വിധി പ്രസ്‌താവം തുടങ്ങി. കനത്ത സുരക്ഷയിലാണ് ലഖ്‌നൗ കോടതി വിധി പറയുന്നത്. കോടതി വിധി പറയുന്ന പശ്‌ചാത്തലത്തിൽ അയോദ്ധ്യയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. മസ്ജിദ് തകർത്തതിന് പിന്നിൽ പങ്കില്ലെന്നും ഗൂഡാലോചന നടത്തിയിട്ടില്ലെന്നുമാണ് എൽ.കെ അദ്വാനിയും ജോഷിയും മൊഴി നൽകിയത്. പക്ഷെ, മസ്ജിദ് തകർക്കുമ്പോൾ ഈ നേതാക്കളുടെയെല്ലാം സാന്നിദ്ധ്യം ആ പ്രദേശത്ത് ഉണ്ടായിരുന്നു. ഇതെല്ലാം കോടതി വിശദമായി പരിശോധിച്ചു. 2001ൽ ഗൂഢാലോചന കുറ്റത്തിൽ നിന്ന് അദ്വാനി ഉൾപ്പടെയുള്ളവരെ അലഹാബാദ് ഹൈക്കോടതി ഒഴിവാക്കിയിരുന്നു. അത് റദ്ദാക്കിയ സുപ്രീംകോടതി കേസിൽ എല്ലാ പ്രതികളും വിചാരണ നേരിടണമെന്ന് 2017ൽ വിധിച്ചു. വിചാരണക്കായി പ്രത്യേക കോടതിയും രൂപീകരിച്ചു.

കൊവിഡ് കാലത്ത് വീഡിയോ കോൺഫറൻസിംഗ് വഴിയാണ് അദ്വാനിയുടെ വിചാരണ പൂർത്തിയാക്കിയത്. 354 സാക്ഷികളെ വിസ്തരിച്ചു. ആയിരക്കണക്കിന് രേഖകൾ പരിശോധിച്ചു. ബാബറി മസിജ്ദ് തകർത്തത് കുറ്റമാണെന്ന് അയോദ്ധ്യ ഭൂമി തർക്ക കേസിലെ വിധിയിൽ സുപ്രീംകോടതി ഭരണഘടന ബെഞ്ച് വ്യക്തമാക്കിയിരുന്നു. സുപ്രീംകോടതി അനുമതിയോടെ അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മാണം ആരംഭിച്ചിരിക്കെയാണ് മസിജ്ദ് തകർത്ത കേസിൽ വിധി വരുന്നത്.

1992 ഡിസംബർ ആറിന് ബാബറി മസ്ജിദ് പൊളിച്ച സംഭവത്തിൽ ഉത്തർപ്രദേശിൽ രണ്ടിടത്തായാണ് വിചാരണ നടന്നിരുന്നത്. അജ്ഞാതരായ കർസേവകർക്കെതിരായ കേസുകൾ ലഖ്നൗവിലും പ്രമുഖ നേതാക്കൾക്കെതിരേയുളളത് റായ്ബറേലിയിലുമായിട്ടായിരുന്നു വിചാരണ. സുപ്രീംകോടതിയുടെ 2017ലെ ഉത്തരവ് പ്രകാരം രണ്ടുകൂട്ടം കേസുകളിലേയും വിചാരണ ഒന്നിച്ചുചേർത്ത് ലഖ്നൗവിലെ അഡീഷണൽ സെഷൻസ് കോടതിയിലേക്ക് മാറ്റി. രണ്ടുവർഷത്തിനകം വിചാരണപൂർത്തിയാക്കണമെന്നായിരുന്നു സുപ്രീംകോടതി ആദ്യം ആവശ്യപ്പെട്ടത്. പിന്നീട് പലതവണ സമയം നീട്ടിനൽകി.

കേസിൽ വിചാരണ നേരിട്ടവർ

കേന്ദ്രമന്ത്രിമാരായിരുന്ന എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി, ഉമാഭാരതി, യു.പി. മുൻ മുഖ്യമന്ത്രി കല്യാൺസിംഗ്, വി.എച്ച്.പി. നേതാവ് വിനയ് കത്യാർ, സാധ്വി ഋതംബര, വിഷ്ണുഹരി ഡാൽമിയ, ചമ്പത്ത് റായ് ബൻസൽ, സതീഷ് പ്രഥാൻ, ധരം ദാസ്, മഹന്ത് നൃത്യ ഗോപാൽ ദാസ്, മഹാമണ്ഡലേശ്വർ ജഗദീഷ് മുനി, രാം ബിലാസ് വേദാന്തി, വൈകുണ്ഠ് ലാൽ ശർമ, സതീഷ് ചന്ദ്ര നാഗർ എന്നീ 15 പേർക്കെതിരായ ഗൂഢാലോചനക്കുറ്റമാണ് സുപ്രീംകോടതി 2017 ഏപ്രിൽ 19ന് പുന:സ്ഥാപിച്ചത്. ഇവരുൾപ്പെടെ കേസിലെ 48 പ്രതികളിൽ 32 പേരാണ് ജീവിച്ചിരിക്കുന്നത്. രാജസ്ഥാൻ ഗവർണറായിരുന്നതിനാൽ കല്യാൺ സിംഗിന് വിചാരണ നേരിടുന്നതിൽ നിന്ന് സംരക്ഷണം ലഭിച്ചിരുന്നു. ഗവർണർസ്ഥാനം ഒഴിഞ്ഞതോടെ കല്യാൺ സിംഗും വിചാരണ നേരിട്ടു.

കേസിനിടെ അന്തരിച്ചവർ

ശിവസേനാ നേതാവ് ബാൽ താക്കറെ, വി.എച്ച്.പി നേതാവ് ആചാര്യ ഗിരിരാജ് കിഷോർ, അശോക് സിംഘൽ, മഹന്ത് അവൈദ്യനാഥ്, പരംഹംസ് റാം ചന്ദ്ര ദാസ്, മോറേശ്വർ സാവെ

പ്രതികൾ നേരിട്ടിരുന്ന കുറ്റം

രണ്ടുവിഭാഗങ്ങൾ തമ്മിൽ സ്പർധ വളർത്തൽ, കലാപം, നിയമവിരുദ്ധമായി സംഘംചേരൽ, രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് എതിരായ പ്രചാരണം നടത്തൽ, തെറ്റായ പ്രസ്താവനകൾ, ക്രമസമാധാനത്തകർച്ചയുണ്ടാക്കും വിധം അഭ്യൂഹങ്ങൾ പ്രചരിപ്പിക്കൽ, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് പ്രതികൾ നേരിട്ടിരുന്നത്.