തിരുവനന്തപുരം: കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയയിലൂടെ സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശം നടത്തിയതിന് യൂട്യൂബറായ വിജയ്. പി. നായരെ പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളായണിയിൽ കഴിഞ്ഞ ആറ് വർഷമായി ഇയാളുടെ കുടുംബം വാടകയ്ക്ക് താമസിക്കാൻ തുടങ്ങിയിട്ട്. എന്നാൽ നാട്ടുകാർക്കോ ജനപ്രതിനിധികൾക്കോ ഇയാളെക്കുറിച്ച് കാര്യമായ അറിവില്ല. ആരുമായിട്ടും സൗഹൃദംവച്ചുപുലർത്തിയിരുന്നില്ല.
അമ്മയും അവിവാഹിതനായ സഹോദരനുമാണ് വീട്ടിലുള്ളത്. വല്ലപ്പോഴും അമ്മയെ കാണാൻ വിജയ് പി നായർ വീട്ടിലെത്തും. വൈകീട്ടോടെ തിരിച്ചുപോകുകയും ചെയ്യും. കണ്ണാടി കടകൾക്ക് ലെൻസ് വിൽക്കുന്ന ജോലിയാണ് തന്റേതെന്നാണ് ഇയാൾ ബന്ധുക്കളോട് പറഞ്ഞിരുന്നത്. അവിവാഹിതനാണ് ഇയാൾ
താൻ സിനിമയിൽ സംവിധാനം പഠിക്കാൻ പോയെന്നും, പിന്നീട് അദ്ധ്യാപകനും, ഇപ്പോൾ യൂ ട്യൂബർ ആയെന്നുമാണ് വിജയ് പി. നായർ പൊലീസിനോടു പറഞ്ഞത്. അതോടൊപ്പം ചില സൂപ്പർ ഹിറ്റ് സിനിമകളിൽ താൻ പ്രവർത്തിച്ചിട്ടുണ്ടെന്നും, സിനിമകളുടെ പേരുൾപ്പെടെ പറഞ്ഞ് ഇയാൾ അവകാശവാദം ഉന്നയിക്കുന്നുണ്ട്. സിനിമ മേഖലയിൽ പ്രവർത്തിക്കുന്നവരോടും ഇയാളെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്.