trump

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ഡ്രംപും ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ ജോ ബൈഡനും ഒഹായോയിലെ ക്ളീവ് ലാന്റിൽ നടന്ന സംവാദത്തിൽ വാക്കുകൾകൊണ്ട് ഏറ്റുമുട്ടി. വാക്പോരിനാൽ നിറഞ്ഞ സംവാദവേദിയിൽ ഇരുവരും പരസ്പരം കുത്തുവാക്കുകളും ഉപയോഗിച്ചു. റിപ്പബ്ളിക്കൻ പാർട്ടി നേതാവും പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ ട്രംപും മുൻ വൈസ് പ്രസിഡന്റായ ജോ ബൈഡനും സമപ്രായക്കാരാണ്.

നവംബർ മൂന്നിന് നടക്കുന്ന പ്രസിഡന്റ് തിരഞ്ഞടുപ്പിനു മുന്നോടിയായുള്ള സംവാദപരമ്പരകളിൽ നേരിട്ടുള്ള സംവാദമാണ് ക്ളീവ് ലാന്റിലെ വേദിയിൽ നടന്നത്. ആരെ പിന്തുണയ്ക്കണമെന്ന് തീരുമാനമെടുക്കാത്ത വോട്ടർമാരെ സ്വാധീനിക്കുന്നതാകയാൽ ഇൗ സംവാദം വളരെ നിർണായകമാണ്. സ്ഥാനാർത്ഥികളുടെ വാദങ്ങൾ യുക്തിഭദ്രമാണോയെന്ന വിലയിരുത്തലിനു ശേഷമാണ് വോട്ടർമാർ തീരുമാനമെടുക്കുക.

കയറി ആക്രമിക്കുകയെന്നത് ട്രംപിന്റെ ശൈലിയാണെങ്കിലും പലപ്പോഴും ജോയെ തന്റെ വാചകം മുഴുമിപ്പിക്കാൻ ട്രംപ് അനുവദിച്ചില്ല. നിരന്തരം തടസ്സപ്പെടുത്തിക്കൊണ്ടിരുന്ന ട്രംപ് വ്യക്തിപരമായും ആക്രമിച്ചു. 'അത്ര സ്മാർട്ടാകാൻ നോക്കണ്ട. കഴിഞ്ഞ 47 വർഷത്തിനിടയിൽ താങ്കൾ ഒന്നും ചെയ്തിട്ടില്ല' തുടങ്ങി കടുത്ത പ്രയോഗങ്ങൾ തന്നെ നടത്തി. ജോയെ ട്രംപ് നിലംപരിശാക്കിയെന്ന ആരാധകരുടെ ചിന്തകൾകൾക്കിടെ ജോ തിരിച്ചടിക്കാൻ തുടങ്ങി. ട്രംപിന്റെ പ്രകടനത്തെ കോമാളിത്തമെന്ന് വിശേഷിപ്പിച്ചതു കൂടാതെ 'ഒന്നു വായടയ്ക്കുമോ മനുഷ്യാ‌?' എന്നു പറയുന്നത് വരെ എത്തി.

ഫോക്സ് ന്യൂസിൽ നിന്ന് മോഡറേറ്റർ ആയി എത്തിയ ക്രിസ് വാലസിന് പലവട്ടം ഇടപെടേണ്ടി വന്നു. ട്രംപിന്റെ അനാവശ്യ ഇടപെടലുകൾ ചൂണ്ടിക്കാണിച്ചത് കൂടാതെ മറുപക്ഷത്തുള്ള ആൾക്ക് സംസാരിക്കാൻ അവസരം നൽകണമെന്നും അഭ്യർത്ഥിച്ചു.

കൊവിഡ് മഹാമാരിയെ ചുറ്റിപ്പറ്റിയുള്ള വിഷയങ്ങളിൽ തങ്ങി നിന്ന ട്രംപിനെതിരെ ജോ തിരിഞ്ഞു. മഹാമാരിയിൽ മാസങ്ങളോളം ജനങ്ങളുടെ ജീവൻ വച്ച് കളിക്കുകയായിരുന്നുവെന്ന് ജോ പറഞ്ഞു. ട്രംപിനെ വംശീയവാദിയെന്ന് വിശേഷിപ്പിച്ചപ്പോൾ 1994ൽ 'ക്രൈം ലാ' കൊണ്ടു വന്ന് കറുത്ത വർഗക്കാരായ ആയിരക്കണക്കിന് അമേരിക്കക്കാരെ ജയിലിലടയ്ക്കാൻ സഹായിച്ചത് ജോയാണെന്ന് ട്രംപ് തിരിച്ചടിച്ചു.

ജോ ബൈഡന്റെ കുടുംബത്തെക്കൂടി ട്രംപ് സംവാദത്തിലേക്ക് വലിച്ചിഴച്ചു. ജോയുടെ മകന്റെ കച്ചവടത്തെക്കുറിച്ചുള്ളതായിരുന്നു അത്. എന്നാൽ ട്രംപിന്റെ വീട്ടിലുള്ളവർ നടത്തുന്ന കച്ചവടത്തക്കുറിച്ചു പറഞ്ഞാൽ എത്ര രാത്രി വേണമെങ്കിലും തുടരാം ബൈഡൻ എന്നു പറഞ്ഞെങ്കിലും ആരുടെയും ബിസിനസിനെക്കുറിച്ച് പേരെടുത്ത് പറഞ്ഞില്ല. പകരം കാമറയിലേക്ക് തിരിഞ്ഞ് 'ഇത് ഞങ്ങളുടെ കുടുംബത്തിന്റെ കച്ചവടത്തെക്കുറിച്ച് പറയാനുള്ള വേദിയല്ല" എന്ന് പറഞ്ഞു നിറുത്തി. അപ്പോഴും ട്രംപ് ഇത് താങ്കളുടെ കുടുംബത്തിന്റെ കാര്യമാണ് എന്ന് വാദിക്കുകയായിരുന്നു. അവസാനം മാർക്ക് ട്വയിനിന്റെ വിഖ്യാത വാക്കുകൾ ജോ ഉദ്ധരിച്ചു 'ഒരിക്കലും വിഡ്ഢികളോട് വാദിക്കരുത്. കാരണം നിങ്ങളെ അവർ അവരുടെ നിലവാരത്തിലേക്ക് താഴ്ത്തും" എന്നായിരുന്നു അത്.