തിരുവനന്തപുരം: കാസർകോട് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊന്ന സംഭവത്തിലെ കേസ് ഡയറി ഇതുവരെ കൈമാറാത്ത കേരളാ പൊലീസിന് മുന്നറിയിപ്പുമായി സി.ബി.ഐ രംഗത്ത്. ക്രിമിനൽ നടപടി ചട്ടം (സി.ആർ.പി.സി) 91 പ്രകാരം കേസ് ഡയറി ഹാജരാക്കിയില്ലെങ്കിൽ പിടിച്ചുടുക്കേണ്ടി വരുമെന്ന് ചൂണ്ടിക്കാട്ടി സി.ബി.ഐ, ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിക്ക് നോട്ടീസ് നൽകി. കേസ് ഡയറി കൈമാറണമെന്ന് ആവശ്യപ്പെട്ട് ആറ് തവണ നോട്ടീസ് നൽകിയിട്ടും നടപടിയില്ലാതെ വന്നതോടെയാണ് സി.ബി.ഐയുടെ പുതിയ നീക്കം. സി.ആർ.പി.സി 91 പ്രകാരം സംസ്ഥാന ഏജൻസിക്ക് കേന്ദ്ര ഏജൻസി നോട്ടീസ് നൽകുന്നത് അപൂർവ സംഭവമായാണ് വിലയിരുത്തപ്പെടുന്നത്. രേഖകൾ ആവശ്യപ്പെട്ട് കൊച്ചി സി.ജെ.എം കോടതിയിലും സി.ബി.ഐ തിങ്കളാഴ്ച അപേക്ഷ നൽകിയിട്ടുണ്ട്. കേസ് രേഖകൾ കൈമാറണമെന്ന് ഹൈക്കോടതിയും നേരത്തെ പൊലീസിനോട് നിർദ്ദേശിച്ചിരുന്നു. രേഖകൾ ഇനിയും കൈമാറിയില്ലെങ്കിൽ സി.ആർ.പി.സി 93 പ്രകാരം കേസ് ഡയറി പിടിച്ചെടുക്കാൻ സി.ബി.ഐയ്ക്ക് അധികാരമുണ്ട്.
രാഷ്ട്രീയചായ്‌വുള്ളതും വിശ്വാസ്യതയില്ലാത്തതുമായ അന്വേഷണമാണ് ക്രൈംബ്രാഞ്ച് നടത്തിയതെന്ന വിമർശനത്തോടെ കഴിഞ്ഞ ഒക്ടോബറിലാണ് ഹൈക്കോടതി, അന്വേഷണം സി.ബി.ഐക്ക് വിട്ടത്. ഇതിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളുകയും ചെയ്തു. ഇതിനെതിരെ സർക്കാർ സുപ്രീംകോടതിയും സമീപിച്ചു. എന്നാൽ, ഡിവിഷൻ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യാൻ സുപ്രീംകോടതി വിസമ്മതിച്ചു. എന്നാൽ, അപ്പീലിൽ അന്തിമവിധി വന്നിട്ടില്ലെന്നും അതിനാലാണ് രേഖകൾ കൈമാറാത്തതെന്നുമാണ് ക്രൈംബ്രാഞ്ച് നിലപാട്.
കഴിഞ്ഞ ഒക്ടോബറിൽ തന്നെ കേസേറ്റെടുത്ത സി.ബി.ഐ 14 പ്രതികൾക്കെതിരെ എറണാകുളം സി.ജെ.എം കോടതിയിൽ എഫ്.ഐ.ആർ സമർപ്പിച്ചിരുന്നു. ക്രൈംബ്രാഞ്ച് കേസ് സംബന്ധിച്ച രേഖകൾ കൈമാറിയില്ലെങ്കിലും കാസർകോട് കോടതിയിൽ നിന്ന് എഫ്.ഐ.ആറിന്റെ പകർപ്പ് ശേഖരിച്ച് സി.ബി.ഐ കേസ് വീണ്ടും രജിസ്റ്റർ ചെയ്യുകയായിരുന്നു. തിരുവനന്തപുരം യൂണിറ്റിലെ ഡെപ്യൂട്ടി സൂപ്രണ്ട് ടി.പി.അനന്ദകൃഷ്‌ണന്റെ മേൽനോട്ടത്തിലാണ് കേസിന്റെ അന്വേഷണം.
കേസ് ഡയറി കൈമാറണമെന്ന് ഔദ്യോഗികമായും അനൗദ്യോഗികമായും ആവശ്യപ്പെട്ടിരുന്നതായി സി.ബി.ഐയിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ക്രൈംബ്രാഞ്ച് കേസ് ഡയറി കൈമാറാത്തതിനാൽ തുടരന്വേഷണത്തെ അത് നല്ല രീതിയിൽ ബാധിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥൻ സൂചിപ്പിച്ചു. സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ നടക്കുന്ന അന്വേഷണമായതിനാൽ ഇനിയും വൈകിയാൽ കോടതിയിൽ നിന്ന് വിമർശനമുണ്ടാകുമെന്നും സി.ബി.ഐയ്ക്ക് ആശങ്കയുണ്ട്. കേസിൽ സി.ബി.ഐ അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിൽ ഇടപെടില്ലെന്ന് അപ്പീൽ പരിഗണിച്ച സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇനി കേസ് പരിഗണിക്കുമ്പോൾ സി.ബി.ഐ കോടതിയിൽ നിലപാട് അറിയിക്കും.
2019 ഫെബ്രുവരി 17ന് രാത്രി ഏഴരയോടെ ബൈക്കിൽ വീട്ടിലേക്കു പോകുമ്പോഴാണ് ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊന്നത്. ശരത്തിന്റെ വീട്ടിലേക്കുള്ള വഴിയരികിൽ നിന്നാണ് വെട്ടിയത്. ശരത് ലാൽ സംഭവസ്ഥലത്തും കൃപേഷ് 150 മീറ്റർ മാറിയും മരിച്ചുവീണു. സംഭവത്തിന്റെ മൂന്നാം ദിവസംതന്നെ സി.പി.എം. ലോക്കൽ കമ്മിറ്റിയംഗമായിരുന്ന പീതാംബരനെ പൊലീസ് അറസ്റ്റുചെയ്തു. പീതാംബരനെ കൂടാതെ സി.പി.എം പെരിയ ലോക്കൽ സെക്രട്ടറി എൻ. ബാലകൃഷ്ണൻ, ഉദുമ ഏരിയാസെക്രട്ടറി കെ. മണികണ്‌ഠൻ എന്നിവരടക്കം 14 പ്രതികളാണ് കേസിലുള്ളത്. പീതാംബരനും കൊല്ലപ്പെട്ട ശരത് ലാലും തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ.