kaumudi

തിരുവനന്തപുരം: ചട്ടങ്ങൾ കാറ്റിൽ പറത്തി സെൻട്രൽ ജയിൽ വളപ്പിൽ നടത്താനിരുന്ന ജീവനക്കാരുടെ പൊതുയോഗം കൗമുദിചാനലിലെ വാർത്തയെ തുടർന്ന് മാറ്റിവച്ചു.

ടി 1232 ാം നമ്പർ ജയിൽ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റി ഭരണ സമിതിയെ തിരഞ്ഞെടുക്കാനായി ഇന്ന് രാവിലെ നടത്താനിരുന്ന പൊതുയോഗമാണ് മാറ്റിവച്ചത്. വാർത്ത പുറത്തുവന്നതോടെ തിരഞ്ഞെടുപ്പ് ജില്ലാ കളക്ടർ ഇടപെട്ട് നിറുത്തിവയ്ക്കുകയായിരുന്നു.

കൊവിഡ് വ്യാപനം തലസ്ഥാനത്ത് രൂക്ഷമായിരിക്കുന്നതിനിടെ തെരഞ്ഞെടുപ്പുമായി മുന്നോട്ടു പോകാനുള്ള തീരുമാനം വിവാദമായിരുന്നു. 550 അംഗങ്ങളാണ് സൊസൈറ്റിയിൽ ഉളളത്. നിയന്ത്രണങ്ങൾ നിലനിൽക്കെ ഇത്തരത്തിൽ പൊതു യോഗം നടത്തുന്നതിനെതിരെ ഒരു കൂട്ടം സൊസൈറ്റി അംഗങ്ങൾ സംസ്ഥാന മുഖ്യ സഹകരണ തിരെഞ്ഞെടുപ്പ് കമ്മീഷണർക്കു പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല.കഴിഞ്ഞ ദിവസങ്ങളിലായി നിരവധി അംഗങ്ങൾ സൊസൈറ്റി ആസ്ഥാനത്ത് കൂട്ടം ചേർന്നിട്ടും നടപടിയൊന്നുമുണ്ടായിട്ടില്ല. ഇതിനിടെ ക്വാറന്റൈനിൽ ഇരിക്കേണ്ട പീരുമേട് ജയിൽ സൂപ്രണ്ട് കൂടിയായ സൊസൈറ്റി സെക്രട്ടറി ഇതൊന്നും പാലിക്കാതെ ജയിൽ വളപ്പിൽ എത്തിയതും വിവാദമായിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം പീരുമേട്ടിൽ നിന്ന് തലസ്ഥാനത്ത് എത്തിയ ആൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നിട്ടും സെക്രട്ടറി ക്വാറന്റൈനിൽ പോകാതെ ഓഫീസിൽ എത്തി എന്നാണ് ജീവനക്കാരുടെ ആരോപണം.

അടുത്തിടെ സെൻട്രൽ ജലിലിലെ നിരവധി അന്തേവാസികൾക്കും ജീവനക്കാർക്കും കൊവിഡ് ബാധിച്ചിരുന്നു. ഇപ്പോഴത്തെ നടപടി ജയിലുനുളളിൽ വീണ്ടും കൊവിഡ് വ്യാപിക്കുന്നതിന് ഇടയാക്കുമോ എന്ന ഭീതിയിലാണ് ജീവനക്കാർ