covid-test

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. 24 മണിക്കൂറിനിടെ 80,472 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 62 ലക്ഷം കടന്നു. 62,25,760 പേർക്കാണ് ഇത് വരെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്തെ കൊവിഡ് മരണം 97,497 ആയി ഉയർന്നു.

അതേസമയം രോഗമുക്തരുടെ നിരക്കും ഉയരുകയാണ്. 86428 പേർ കൂടി രോഗമുക്തിനേടിയെന്നാണ് കേന്ദ്രം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്. 83.33 ശതമാനമാണ് നിലവിൽ രോഗമുക്തി നിരക്ക്.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ് ഇപ്പോഴും രോഗബാധ കൂടുതൽ. കർണാടകത്തിൽ 10,453 പേർക്കും ആന്ധ്രയിൽ 6,190 പേർക്കും തമിഴ്നാട്ടിൽ 5,546 പേർക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. കേരളത്തിൽ ഇന്നലെ 7354 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സമ്പർക്കം വഴി രോഗം ബാധിക്കുന്നവരാണ് സംസ്ഥാനത്ത് കൂടുതലും. ഇന്നലെ 7036 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇന്നലെ മാത്രം സംസ്ഥാനത്ത് 22 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. മലപ്പുറത്ത് കൊവിഡ് അതിതീവ്ര വ്യാപനമായതോടെ ജില്ലയിലെ പ്രതിദിന രോഗികളുടെ എണ്ണം 1000 കടന്നു.