mamatha-banarjee-pinarayi

തിരുവനന്തപുരം: പശ്ചിമ ബംഗാളിൽ മമതാ ബാനർജി പയറ്റിയത് പോലെ പതിനെട്ടാം അടവ് പയറ്റാനാണ് കേരളത്തിലും സർക്കാർ ശ്രമിച്ചത്. എന്നാൽ ലൈഫ് കോഴയിൽ സി.ബി.ഐയുടെ വരവ് തടയാൻ പിണറായി സർക്കാരിന് കഴിയില്ല. വിദേശസഹായനിയന്ത്രണചട്ടത്തിലെ 42ആം വകുപ്പ് പ്രകാരം (എഫ്.സി.ആർ.എ) ഒരുകോടി രൂപയോ അതിനുമുകളിലോ ഉള്ള വിദേശസംഭാവനകളെക്കുറിച്ച് അന്വേഷിക്കാൻ സി.ബി.ഐക്കാണ് അധികാരംമെന്നതാണ് സർക്കാരിനെ വെട്ടിലാക്കുന്നത്.

ശാരദാ, റോസ്‌വാലി ചിട്ടിതട്ടിപ്പ് കേസുകളിൽ സി.ബി.ഐ അന്വേഷണംതടയാൻ മുഖ്യമന്ത്രി മമതാബാനർജി ശ്രമിച്ചതുപോലെ, ലൈഫ്കോഴയിൽ സി.ബി.ഐയെ തടയാൻ കേരള സർക്കാരിന് കഴിയില്ല. 2011ഒക്ടോബർ 27ന് കേന്ദ്രആഭ്യന്തരമന്ത്രാലയം ഇതിനുള്ള വിജ്ഞാപനമിറക്കിയിട്ടുണ്ട്. കേസെടുക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അനുവാദം ആവശ്യമില്ല. ഉദ്യോഗസ്ഥർക്കെതിരെ കുറ്റപത്രം നൽകും മുമ്പ് അനുമതി തേടിയാൽ മതി. പാർലമെന്റ് പാസാക്കിയ എഫ്.സി.ആർ.എ നിയമം ഓർഡിനൻസിലൂടെ മറികടക്കാൻ സംസ്ഥാന സർക്കാരിന് കഴിയില്ലെന്നതും ശ്രദ്ധേയമാണ്.

ലൈഫ്കോഴയിൽ സി.ബി.ഐയുടെ എഫ്.ഐ.ആർ റദ്ദാക്കാനാണ് സർക്കാർ ആദ്യം നിയമോപദേശം തേടിയത്. അസാദ്ധ്യമെന്ന് അറിഞ്ഞാണ് ഓർഡിനൻസിന് ആലോചിച്ചത്. ഇക്കാര്യത്തിലും നിയമവകുപ്പിന് വിയോജിപ്പുണ്ടെന്നാണ് സൂചന.

സാധാരണ ഗതിയിൽ ഡൽഹി സ്പെഷൽ പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സി.ബി.ഐക്ക് സംസ്ഥാനത്ത് അന്വേഷണം നടത്തണമെങ്കിൽ സർക്കാരിന്റെ അനുമതി ആവശ്യമാണ്.

സുനാമിപുനരധിവാസ പദ്ധതികൾക്കായി കോട്ടയത്തെ ഗുഡ് സമരി​റ്റൻസ് പ്രോജക്ട് ഇന്ത്യ ആൻഡ് കാത്തലിക് റിഫർമേഷൻ ലി​റ്റററി സൊസൈ​റ്റി ഹോളണ്ടിൽനിന്ന് വിദേശസഹായം നേടിയെടുത്ത കേസ് ഈ ചട്ടപ്രകാരം ഒരുവർഷം മുമ്പ് സർക്കാർ സി.ബി.ഐയ്ക്ക് കൈമാറിയിരുന്നു.

പശ്ചിമ ബംഗാളിൽ ശാരദാചിട്ടികേസിൽ പൊലീസ് കമ്മിഷണറെ ചോദ്യംചെയ്യാനെത്തിയ സി.ബി.ഐ ഉദ്യോഗസ്ഥരെ ബംഗാൾ പൊലീസ് കസ്റ്റഡിയിലെ‌ടുത്തതും സി.ബി.ഐ കിഴക്കൻമേഖലാ ജോയിന്റ് ഡയറക്ടറെ കൊൽക്കത്ത പൊലീസ് വീടുവളഞ്ഞ് അറസ്റ്റ് ചെയ്യാനൊരുങ്ങിയതും പ്രതിസന്ധിയുണ്ടാക്കിയിരുന്നു. സി.ആർ.പി.എഫിനെ വിന്യസിച്ചാണ് കേന്ദ്രസർക്കാർ മമത ബാനർജിയുടെ നടപടികളെ പ്രതിരോധിച്ചത്.

സി.ബി.ഐയെ നക്ഷത്രമെണ്ണിക്കുന്നു

# റസ്റ്റ്ഹൗസുകളിൽ ക്യാമ്പ് ഓഫീസ് തുറക്കാനും താമസിക്കാനും വാടക ഒഴിവാക്കി 2014ആഗസ്റ്റിൽ യു.ഡി.എഫ് സർക്കാർ ഇറക്കിയ ഉത്തരവ് എൽ.ഡി.എഫ് സർക്കാർ റദ്ദാക്കി.

# എ​റ​ണാ​കു​ളം പി.ഡ​ബ്ല്യൂ.ഡി. റസ്റ്റ്ഹൗ​സി​ൽ വാടകകുടിശിക വരുത്തിയതിന് സി.ബി.ഐ എസ്.പിയെ പ്രതിയാക്കി മൂവാറ്റുപുഴ കോടതിയിൽ വിജിലൻസ് എഫ്.ഐ.ആർ ഫയൽചെയ്തു.

# തലശേരി,വടകര,കൊല്ലം റസ്റ്റ്ഹൗസുകളിലെ മുറിവാടകയിനത്തിൽ കിട്ടാനുള്ള 9.49ലക്ഷം സി​.ബി​.ഐ ഉ​ദ്യോ​ഗ​സ്ഥ​രിൽ നി​ന്ന് തിരിച്ചുപിടിക്കാൻ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ഉ​ത്ത​ര​വിട്ടു. ഇത് വിവാദമായതോടെ, സി.ബി.ഐ ഉദ്യോഗസ്ഥർക്ക് റസ്റ്റ്ഹൗസുകളിൽ സൗജന്യമായി താമസിക്കാമെന്ന് മുഖ്യമന്ത്രി ഉത്തരവിറക്കി.