തിരുവനന്തപുരം: നിരവധി പ്രതിബന്ധങ്ങളും പ്രതിസന്ധികളും മറികടന്ന് യാഥാർത്ഥ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ് വിഴിഞ്ഞം തുറമുഖ പദ്ധതി. നേരത്തെ നിശ്ചയിച്ചതു പ്രകാരം കഴിഞ്ഞ ഡിസംബറിൽ തുറമുഖത്തിന്റെ നിർമ്മാണം പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിലും പോർട്ട് ഓപ്പറേഷൻ പ്രവർത്തനങ്ങൾക്കായി നിർമ്മിച്ച നാലുനില കെട്ടിടത്തിന്റെ പണി പൂർത്തിയായി. അതിനിടെ കൊവിഡ് വ്യാപനം ഉണ്ടായതോടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേഗക്കുറവ് വന്നു. 1460 ദിവസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കുമെന്നായിരുന്നു അദാനി വിഴിഞ്ഞം പോർട്ട് ലിമിറ്രഡുമായി കരാറുണ്ടാക്കിയിരുന്നത്. ഇതുപ്രകാരം 2019 ഡിസംബർ 19നാണ് പണി പൂർത്തിയാകേണ്ടിയിരുന്നത്. ഈ ലക്ഷ്യം നിശ്ചയിച്ച സമയത്ത് കൈവരിക്കാൻ കഴിഞ്ഞില്ലെങ്കിലും 2300 ചതുരശ്ര മീറ്രർ വിസ്‌തൃതിയിലുള്ള പ്രധാന കെട്ടിടം പണി പൂർത്തിയായിക്കഴിഞ്ഞു. ഇവിടെ നിന്നാണ് പോർട്ടിന്റെ പ്രധാന പ്രവർത്തനങ്ങൾ നിയന്ത്രിക്കുക. പോർട്ട് കൺട്രോൾ സിസ്റ്റം, മറൈൻ കൺട്രോൾ, സെക്യൂരിറ്രി കൺട്രോൾ എന്നിവയെല്ലാം ഇവിടെയാണ് പ്രവർത്തിക്കുക.
പോർട്ടിനായി 3.1 കി.മീറ്രർ ബ്രേക്ക് വാട്ടറാണ് ഉണ്ടാക്കേണ്ടത്. 600 മീറ്റർ എത്തിയപ്പോൾ ഓഖി ദുരന്തത്തെ തുടർന്ന് 150 മീറ്രറിലെ ബ്രേക്ക് വാട്ടർ തകർന്നു. പിന്നെ വളരെ കുറച്ച് മാത്രമാണ് നിർമ്മിച്ചത്. ഇതിനായി ഗ്രാനൈറ്ര് ആവശ്യത്തിന് കിട്ടാത്തതും തിരിച്ചടിയായി. പ്രതിദിനംം 3.3 ദശലക്ഷം ലിറ്രർ ശേഷിയുള്ള വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിന്റെയും 11 കെ.വി പവർ സ്റ്റേഷന്റെയും പണി പൂർത്തിയായി. വിഴിഞ്ഞം പദ്ധതി പൂർത്തിയാവുന്നതോടെ തിരുവനന്തപുരത്തിന്റെ മുഖച്ഛായ ആകെ മാറും.
പദ്ധതി പൂർത്തിയായാൽ
തിരുവനന്തപുരത്ത് വികസനക്കുതിപ്പുണ്ടാകും. നിരവധി പേർക്ക് അനുബന്ധ തൊഴിലവസരങ്ങൾ ഉണ്ടാകും. ഷിപ്പിംഗ് ഏജന്റുമാർ, ലോജിസ്റ്റിക്‌സ്, ട്രാൻസ്‌പോർട്ടേഷൻ സർവീസുകൾ, ഗോഡൗണുകൾ, കപ്പൽ മെയിന്റനൻസ്, കുടിവെള്ള പദ്ധതികൾ, വൈദ്യുതി വിതരണം, ഗതാഗതം, താമസ സൗകര്യം, ഹോട്ടൽ, ടൂറിസം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പരിശീലന കേന്ദ്രങ്ങൾ തുടങ്ങിയവയൊക്കെ ആവശ്യമായി വരും.
ഇതുവരെ കൊളംബോ തുറമുഖം കൈകാര്യം ചെയ്‌തിരുന്ന നല്ലൊരുഭാഗം ഇന്ത്യൻ ട്രാൻസ്ഷിപ്പ്മെന്റ് കാർഗോ വിഴിഞ്ഞത്തെത്തും. ഇന്ത്യയിലെ കയറ്രുമതിക്കാർക്കും ഇറക്കുമതിക്കാർക്കും നല്ല അവസരമാണിത്. ദുബായ്, കൊളംബോ, സലാല, സിംഗപ്പൂർ തുടങ്ങിയ തുറമുഖങ്ങൾക്ക് പകരം വിഴിഞ്ഞം വഴി ട്രാൻസ്ഷിപ്മെന്റ് നടത്തുമ്പോൾ 1500 കോടിയോളം രൂപ വിദേശനാണ്യം ലഭിക്കും. അന്താരാഷ്ട്ര കപ്പൽ ചാനലിന് 10 മൈൽ മാത്രം അകലെയാണെന്നതും 18 മീറ്രർ സ്വാഭാവികമായ ആഴമെന്നതും വിഴിഞ്ഞത്തിന് അനുകൂല ഘടകമാണ്.
രാജ്യത്തെ ആദ്യ ആഴക്കടൽ ട്രാൻസ്ഷിപ്മെന്റ് ടെർമിനലാണ് വിഴിഞ്ഞം പോർട്ട് പദ്ധതി.
പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള ആദ്യത്തെ തുറമുഖ പദ്ധതി.
7700 കോടി ചെലവിൽ ആദ്യഘട്ടം പൂർത്തിയാക്കുമ്പോൾ ഒരു ദശലക്ഷം ടി.ഇ.യു (20 അടി തുല്യമായ യൂണിറ്റുകൾ) കണ്ടെയ്‌നർ കൈകാര്യം ചെയ്യാനുള്ള ശേഷി തുറമുഖത്തിനുണ്ടാവും.
വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് ആണ് പദ്ധതിക്കായുള്ള സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ.