1992 ഡിസംബർ 6
ബാബ്‌റി മസ്ജിദ് തകർക്കപ്പെട്ട ദിവസം. അന്നു വൈകിട്ട് അയോദ്ധ്യയിലെ രാമജന്മഭൂമി പൊലീസ് സ്റ്റേഷനിൽ രണ്ട് ക്രൈം നമ്പരുകളിലായി രണ്ട് എഫ്. ഐ. ആറുകൾ ഫയൽ ചെയ്‌തു. ക്രൈം നമ്പർ 197/1992, ക്രൈം നമ്പർ 198/1992. ഇരുപത്തിയെട്ട് വർഷം നീണ്ട നിയമയുദ്ധത്തിന് ആധാരമായത് ഈ രണ്ട് കേസുകളാണ്. മർദ്ദനമേറ്റ മാദ്ധ്യമപ്രവർത്തകരുടെയും മറ്റും പരാതികളിൽ 47 എഫ്. ഐ. ആറുകൾ കൂടി പിന്നീട് ഫയൽ ചെയ്യപ്പെട്ടു.
ആദ്യത്തെ രണ്ട്
എഫ്.ഐ.ആർ
I) കേസ് നമ്പർ 197/1992, ഡിസംബർ 6, 1992
രാമജന്മ ഭൂമി പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ പി. എൻ. ശുക്ല വൈകിട്ട് 5.15നാണ് ഈ എഫ്.ഐ.ആർ ഫയൽ ചെയ്‌തത്. പ്രതികൾ ലക്ഷക്കണക്കിന് അജ്ഞാത കർസേവകർ. കുറ്റങ്ങൾ ഐ. പി. സി 395 (കൊള്ള), 397 (മരണത്തിന് ഇടയാക്കുന്ന കൊള്ള, കവർച്ച ), 332 (സർക്കാർ ഉദ്യോഗസ്ഥരെ പിന്തിരിപ്പിക്കാൻ പരിക്കേൽപ്പിക്കുക ), 337, 338 (ഗുരുതരമായി പരിക്കേൽപ്പിക്കൽ), 295 (ഒരു വിഭാഗത്തിന്റെ മതവികാരം വ്രണപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ഒരു ആരാധനാ സ്ഥലം തകർക്കുക) 297 (ആരാധനാ സ്ഥലത്ത് അതിക്രമിച്ചു കയറുക ), 153- എ ( മതത്തിന്റെ അടിസ്ഥാനത്തിൽ വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത സൃഷ്‌ടിക്കുക) എന്നീ കുറ്റങ്ങളാണ് എഫ്.ഐ.ആറിലുള്ളത്. ഇതിൽ മസ്ജിദ് തകർക്കപ്പെട്ട സമയമായി രേഖപ്പെടുത്തിയിരിക്കുന്നത് ഉച്ചയ്‌ക്ക് 12 മുതൽ 12.15 വരെ.
2 ) കേസ് നമ്പർ 198/1992, ഡിസംബർ 6, 1992
രാമജന്മഭൂമി പൊലീസ് സ്റ്റേഷനിലെ ഇൻ ചാർജ് ഗംഗാ പ്രസാദ് വൈകിട്ട് 5.25-നാണ് ഈ എഫ്.ഐ.ആർ ഫയൽ ചെയ്തത്. അതിൽ പറയുന്നത് ഇങ്ങനെ:
''ഞാൻ രാവിലെ പത്തു മണിയോടെ, വിശ്വഹിന്ദു പരിഷത്ത് സംഘടിച്ച കർസേവ സ്ഥലത്തിനു സമീപം ഡ്യൂട്ടിയിലായിരുന്നു. ലാൽ കൃഷ്ണ അദ്വാനി, മുരളീ മനോഹർ ജോഷി, അശോക് സിംഗാൾ, വിനയ് കത്യാർ, ഗിരിരാജ് കിഷോർ, വിഷ്ണു ഹരി ഡാൽമിയ, ഉമാ ഭാരതി, സാദ്ധ്വി ഋതംഭര എന്നിവർ വേദിയിലിരുന്ന് പ്രസംഗങ്ങളിലൂടെ കർസേവകരെ പ്രകോപിപ്പിക്കുന്നുണ്ടായിരുന്നു.അതിന്റെ ഫലമായി നിരവധി കസേവകർ രോഷാകുലരാവുകയും തർക്കമന്ദിരം തകർക്കുകയും ചെയ്‌തു...''
1992 ഡിസംബർ 8 ന് ഉത്തർപ്രദേശ് സർക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം. അന്നു തന്നെ രണ്ടാമത്തെ കേസിന്റെ അടിസ്ഥാനത്തിൽ അദ്വാനി ഉൾപ്പെടെയുള്ള നേതാക്കൾ അറസ്റ്റിൽ. ഇവരെ ലളിത്പൂരിൽ ഗസ്റ്റ് ഹൗസിലാണ് താമസിപ്പിച്ചത്.
ഡിസംബർ 10: ഉത്തർപ്രദേശ് ഭരണകൂടം രണ്ട് കേസുകളും (197/1992, 198/1992 )ക്രൈംബ്രാഞ്ച് സി.ഐ.ഡിക്കു വിട്ടു.
ഡിസംബർ 13: ആദ്യത്തെ കേസ് സി. ബി. ഐക്ക് വിട്ടു. രണ്ടാമത്തെ കേസ് ക്രൈംബ്രാഞ്ച് സി. ഐ.ഡിയുടെ പക്കൽ തുടർന്നു.
ഡിസംബർ 16: ആദ്യ രണ്ട് കേസുകൾ ഉൾപ്പെടെ എല്ലാ കേസുകളും വിചാരണ ചെയ്യാൻ ലളിത്പൂർ ജില്ലയിൽ സ്‌പെഷ്യൽ മജിസ്ട്രേട്ട് കോടതി തീരുമാനം.
1993 ഫെബ്രുവരി 27: 198/ 1992 കേസിൽ ക്രൈംബ്രാഞ്ച് ലളിത് പൂർ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
1993 ജൂലായ് 8: സ്പെഷ്യൽ കോടതിയുടെ സിറ്റിംഗ് ലളിത് പൂരിൽ നിന്ന് റായ്ബറേലിയിലേക്ക് മാറ്റി. 197/1992, 198/1992 ഉൾപ്പെടെ എല്ലാ കേസുകളും റായ്ബറേലിയിലേക്ക്.
1993 ആഗസ്റ്റ് 26: 198/1992 കേസും മാദ്ധ്യമങ്ങളെ ആക്രമിച്ച 47 കേസുകളും സി.ബി.ഐക്ക് കൈമാറി.197/1992 കേസിനൊപ്പം ഈ കേസുകളും വിചാരണ ചെയ്യാൻ തീരുമാനം
1993 സെപ്റ്റംബർ 8: ലക്‌നൗവിൽ സ്പെഷ്യൽ സി.ബി.ഐ കോടതി സ്ഥാപിക്കാൻ തീരുമാനം
1993 സെപ്റ്റംബർ 9: 197/1992 കേസും മറ്റ് 47 കേസുകളും ലക്‌നൗ കോടതിയിലേക്ക്. അദ്വാനി ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരായ 198/1992 കേസ് ലക്നൗവിലേക്ക് വിട്ടില്ല.അതിന്റെ വിചാരണ റായ്ബറേലി കോടതിയിൽ തുടർന്നു.
ആ കേസ് വീണ്ടും അന്വേഷിക്കാൻ സി. ബി. ഐ റായ്ബറേലി കോടതിയുടെ അനുമതി തേടി. കോടതി അനുമതി നൽകി.
1993 സെപ്റ്റംബർ 17: 198/1992 കേസ് ലക്നൗ കോടതിയിലേക്കു മാറ്റാൻ സി.ബി.ഐയുടെ അപേക്ഷ. 197/1992 കേസിനൊപ്പം വിചാരണ ചെയ്യണം.
1993 ഒക്ടോബർ 5: 197/1992, 198/1997 കേസുകളും മറ്റ് 47 കേസുകളും ഒന്നിച്ചാക്കി സി.ബി.ഐ ലക്‌നൗ സ്പെഷ്യൽ കോടതിയിൽ സമഗ്ര കുറ്റപത്രം സമർപ്പിച്ചു. 198/1992 എഫ്. ഐ. ആറിലെ എട്ടു പേർ ഉൾപ്പെടെ 40 പ്രതികൾ. ഭൂരിപക്ഷവും സീനിയർ നേതാക്കൾ. ഈ കുറ്റപത്രത്തിലാണ് അദ്വാനി ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ ഗൂഢാലോച കുറ്റം ചുമത്തുന്നത്.
1993 ഒക്ടോബർ 8--198/1992 കേസ് മറ്റു കേസുകൾക്കൊപ്പം ഉൾപ്പെടുത്തി യു.പി ഭരണകൂടത്തിന്റെ വിജ്ഞാപനം.