supreme-court

ന്യൂഡൽഹി: സിവിൽ സർവീസ് പരീക്ഷ മാറ്റിവയ്ക്കുന്നത് വൻ സാമ്പത്തിക നഷ്ടത്തിന് ഇടയാക്കുമെന്ന് യു പി എസ് സി സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു.കൊവിഡ്,രാജ്യത്തിന്റെ പലഭാഗങ്ങളിലുണ്ടായ വെളളപ്പൊക്കം എന്നിവ കണക്കിലെടുത്ത് ഒക്ടോബർ നാലിലെ പരീക്ഷമാറ്റണമെന്നാവശ്യപ്പെട്ട് ഉദ്യോഗാർത്ഥികളായ 20പേർ സമർപ്പിച്ച പൊതുതാത്പര്യഹർജിയിൽ വാദം കേൾക്കുന്നതിന് മുമ്പ് സമർപ്പിച്ച സത്യാവാങ്മൂലത്തിലാണ് യു പി എസ് സി ഇക്കാര്യം വ്യക്തമാക്കിയത്.

പരീക്ഷയ്ക്കായി ഇതികം 50 കോടിയോളം രൂപ ചെലവായെന്നും പരീക്ഷ നടത്താൻ ഇനിയും കാലതാമസമുണ്ടായാൽ വലിയ നഷ്ടത്തിന് കാരണമാവുമെന്നാണ് യു പി എസ് സി പറയുന്നത്. സാമ്പത്തിക നഷ്ടം ഉണ്ടാവുന്നതിനൊപ്പം മെയിൻ പരീക്ഷയുടെ ഷെഡ്യൂളിനെ തടസപ്പെടുത്തുമെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നുണ്ട്.

'അപേക്ഷകരിൽ ഏകദേശം 65ശതമാനം പേരും അഡ്മിഷൻ ടിക്കറ്റുകൾ ഡൗൺലോഡുചെയ്തിട്ടുണ്ട്.പരീക്ഷാ നടത്തിപ്പിനായുളള എല്ലാ നടപടികളും പൂർത്തിയായി. ഹാജർ ഷീറ്റുകൾ, ഇൻവിജിലേറ്റർമാർ, സൂപ്പർവൈസർമാർ തുടങ്ങിയവരുടെ പട്ടികകൾ അതതിടങ്ങളിലേക്ക് അയച്ചു. പ്രശ്നമില്ലാതെ പരീക്ഷ എഴുതാനുളള എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്'-സത്യവാങ്മൂലത്തിൽ പറയുന്നു.