കൊടുങ്കാറ്റാകാനായിരുന്നു എന്നും ഹരോൾഡ്‍ ഇവാൻസിന് ഇഷ്ടം. റൂപർട്ട് മർഡോക്ക് ഇളക്കിവിട്ട മാദ്ധ്യമ സുനാമിയിൽ കടപുഴകാതെ നിലകൊണ്ട ഹരോൾഡ് മാത്യു ഇവാൻസ് എന്നും സത്യത്തിന്റെയും നീതിയുടെയും മുഖം തെളിഞ്ഞു കാണാൻ ആഗ്രഹിച്ചു. മാറാല മൂടിയ ഇരുണ്ട ഇടനാഴികളിലൂടെയും അപകട കുരുകൾക്കിടയിലൂടെയും ഹരോൾഡ് നടത്തിയ യാത്രകൾ ലോക പത്രപ്രവർത്തന ചരിത്രത്തിലെ രാജകീയ വിളംബരങ്ങളായി മാറി. 1928 ജൂൺ 28 ന് ഇംഗ്ലണ്ടിലെ ഗ്രേറ്റർ മാഞ്ചസ്റ്ററിൽ ട്രെയിൻ ഡ്രൈവറുടെ മകനായി ജനിച്ച ഹരോൾഡ് മാത്യു ഇവാൻസ് പതിനാറാം വയസിലാണ് സർവകലാശാല പഠനത്തോടൊപ്പം മാദ്ധ്യമ പ്രവർത്തനത്തിന് തുടക്കം കുറിച്ചത്. ആഴ്ചയിൽ ഒന്നു മാത്രം ഇറങ്ങുന്ന ഒരു പത്രത്തിലായിരുന്നു തുടക്കം. സൺഡേ ടൈംസിന്റെ എഡിറ്ററായിരിക്കെ പ്രസിദ്ധീകരിച്ച അന്വേഷണാത്മക റിപ്പോർട്ടുകളാണ് ഹരോൾഡിനെ പ്രശസ്തിയുടെ കൊടുമുടിയിലേക്ക് ഉയർത്തിയത്. വാർത്തകൾ കണ്ടെത്താനും അതിന്റെ സത്യാവസ്ഥ വിശകലനം ചെയ്യാനും ഈടുറ്റ ഒരു ടീം അദ്ദേഹത്തിനുണ്ടായിരുന്നു.
മയക്കുമരുന്നായും വേദനസംഹാരിയായും ഉപയോഗിച്ചിരുന്ന താലിഡോമൈഡ് ( thalidomide) പനിക്കും ഫ്ലൂവിനും ഗർഭിണികൾക്ക് രാവിലെയുണ്ടാകാറുള്ള ഛർദ്ദിക്കും മറുമരുന്നായി ഉപയോഗിക്കുന്നതിന്റെ അപകടത്തിലേക്ക് വെളിച്ചം വീശിയ അന്വേഷണമാണ് ഹരോൾഡ് ഇവാൻസിലെ അന്വേഷണാത്മക പത്രപ്രവർത്തകനെ ലോകശ്രദ്ധയിലെത്തിച്ചത്. ഈ മരുന്നിന് മാരകമായ പാർശ്വഫലങ്ങളുണ്ടെന്നും ഗർഭിണികൾ ഇതു കഴിച്ചത് വഴി 2000 കുഞ്ഞുങ്ങൾ മരിച്ചെന്നും 10000 കുഞ്ഞുങ്ങൾ വൈകല്യങ്ങളോടെ ജനിച്ചെന്നും ഹരോൾഡ് ഇവാൻസ് റിപ്പോർട്ട് ചെയ്തു. സൺഡേ ടൈംസിൽ സകല വിശദാംശങ്ങളോടും കൂടി പ്രസിദ്ധീകരിച്ച വാർത്ത പുറംലോകത്ത് എത്തിയതോടെ വലിയ കോളിളക്കമുണ്ടായി. പക്ഷേ, മരുന്ന് പിൻവലിക്കാൻ 10 വർഷം നീണ്ട പോരാട്ടം നടത്തേണ്ടി വന്നു ഹരോൾഡിന്. ഒടുവിൽ ഇരകൾക്ക് നഷ്ടപരിഹാരവും കിട്ടി. യു.കെയിൽ ഈ മരുന്നിന് ഇരയായവർക്ക് നഷ്ടപരിഹാരമായി 258 കോടി രൂപ(2.8 കോടി പൗണ്ട്) മരുന്ന് കമ്പനി കൊടുക്കേണ്ടി വന്നു.
സിവിൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിന് യു.കെയിൽ നിലവിലുണ്ടായിരുന്ന വിലക്ക് ഭേദഗതി ചെയ്യാനും ഹരോൾഡിന്റെ ഈ വാർത്താപരമ്പരയ്ക്കും കാംപെയിനിനും സാധിച്ചു. 1960 കളിലായിരുന്നു ഈ പോരാട്ടം.
ഫോളോ അപ് റിപ്പോർട്ടിലും ഹരോൾഡ് ചരിത്രമെഴുതി. ഭാര്യയും മകളും കൊല്ലപ്പെട്ട കേസിൽ മകളെ കൊലപ്പെടുത്തിയെന്ന കുറ്റത്തിന് 1950ൽ വധശിക്ഷയ്ക്ക് വിധേയനായ തിമത്തി ജോൺ ഇവാൻസ് നിരപരാധി ആയിരുന്നെന്ന കണ്ടെത്തലായിരുന്നു അത്. ഈ കേസിന്റെ ചുവടുപിടിച്ച് 1965ൽ ഹരോൾഡ് നടത്തിയ ഫോളോ അപ് റിപ്പോർട്ടുകൾ ബ്രിട്ടനിലെ ശിക്ഷാവിധി ചരിത്രം തന്നെ മാറ്റി എഴുതിച്ചു. ഉന്നത കോടതിയായ ക്വീൻസ് ബെഞ്ചിനു വിധി മാറ്റി പുതിയ ഉത്തരവിറക്കേണ്ടി വന്നു. തിമത്തി ജോണിനെ നിരപരാധിയായി ബ്രിട്ടീഷ് രാജ്ഞി തന്നെ പ്രഖ്യാപിച്ചു. ജയിൽ വളപ്പിൽ അടക്കം ചെയ്തിരുന്ന തിമത്തിയുടെ മൃതദേഹം മരണാനന്തര മാപ്പിനു ശേഷം പുറത്തെടുത്ത് കുടുംബത്തിനു കൈമാറി- അടുത്ത അഞ്ച് വർഷത്തേക്ക് വധശിക്ഷകളൊന്നും വേണ്ടെന്ന തീരുമാനത്തിന് 1965 ൽ ബ്രിട്ടീസ് പാർലമെന്റിന്റെ ജനസഭ അംഗീകാരവും നൽകി. 1969 ൽ ബ്രിട്ടനിൽ വധശിക്ഷതന്നെ നിറുത്തലാക്കി. ഹരോൾഡിന്റെ അയൽക്കാരനും കേസിൽ തിമത്തിക്കെതിരെ മൊഴി നൽകിയ മുഖ്യസാക്ഷിയുമായ ജോൺ ക്രിസ്റ്റിയായിരുന്നു യഥാർത്ഥ കൊലയാളി. സീരിയൽ കൊലകൾക്ക് പിടിയിലായ അയാൾ അതിനിടെ സ്വന്തം ഭാര്യയെ ഉൾപ്പെടെ എട്ട് പേരെ കൊലപ്പെടുത്തിയിരുന്നു എന്ന് അയാൾ തന്നെ വെളിപ്പെടുത്തി. ഈ സംഭവവികാസങ്ങൾ 1971ൽ സിനിമയുമായി. റിച്ചാഡ് ആറ്റൻ ബറോ ആണ് കൊലപാതകിയെ അവതരിപ്പിച്ചത്.
കിം ഫിൽബി എന്ന ബ്രിട്ടീഷ് ഇന്റലിജൻസ് ഓഫീസർ സോവിയറ്റ് യൂണിയന്റെ ചാരനാണ് എന്ന വാർത്ത പുറത്തു കൊണ്ടുവന്നതും വലിയ കോളിളക്കമുണ്ടാക്കി. രണ്ടാം ലോകമഹായുദ്ധ കാലത്തും ശീത യുദ്ധകാലത്തും അയാൾ സ്പൈ ആയിരുന്നു. ഇത് സൺഡേ ടൈംസിൽ എഴുതിയാണ് ഹാരോൾഡ് ലോകത്തെ അറിയിച്ചത്. ബ്രിട്ടീഷ് ചാരസംഘടനയായ എം.ഐ 6 തങ്ങളുടെ പ്രതിനിധിയായി അയച്ചത് റഷ്യൻ ചാരസംഘടനയായ കെ.ജി.ബിയുടെ ചാരനായ കിം ഫിൽബിയെ ആയിരുന്നെന്നും ഹരോൾഡ് ലോകത്തെ അറിയിച്ചു. ഫിൽബിയുടെ പിതാവ് ബ്രിട്ടീഷ് ഇന്ത്യയിലെ ഉദ്യോഗസ്ഥനായിരുന്ന കാലത്ത് ഇന്ത്യയിലായിരുന്നു കിം ഫിൽബിയുടെ ജനനം. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ഉന്നതപഠനത്തിന് ശേഷം കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായ കിം ഫിൽബി കെ.ജി.ബി.യിൽ അംഗമായി. ഈ റഷ്യൻ ബന്ധം മറച്ചുവച്ചാണ് പിന്നീട് ബ്രിട്ടീഷ് ചാരസംഘടനയിൽ ചേർന്നത്. അപ്പോഴും റഷ്യൻ ചാരസംഘടനയ്ക്കായി പ്രവർത്തിച്ചു കൊണ്ടിരുന്നു. ഔദ്യോഗിക രഹസ്യ നിയമപ്രകാരം ഹരോൾഡിന്റെ റിപ്പോർട്ടിനെതിരെ കേസും ഉണ്ടായിരുന്നു. കുറേനാൾ കോടതി കയറിയിറങ്ങേണ്ടി വന്നെങ്കിലും ശിക്ഷ അനുഭവിക്കേണ്ടി വന്നില്ല. പത്രപ്രവർത്തനത്തിന്റെ ഉന്നതമൂല്യങ്ങളെയും സത്യസന്ധതയെയും കണ്ണിലെ കൃഷ്ണമണിപോലെ എന്നും കാത്തുസൂക്ഷിച്ച ഹരോൾഡ് റിപ്പോർട്ടിംഗും പത്രഭാഷയും എഡിറ്റിംഗും ലേ ഔട്ടും ഉൾപ്പെടെ എല്ലാ മേഖലകളിലും പ്രാവീണ്യം പ്രകടിപ്പിക്കുകയും ശാസ്ത്രീയമായ മാനദണ്ഡങ്ങളിലൂടെ അവ നടപ്പിലാക്കുകയും ചെയ്തിരുന്നു.
എഴുത്തുകാരൻ, പ്രസാധകൻ, അദ്ധ്യാപകൻ എന്നീ നിലകളിലും ഹരോൾഡിന്റെ യാത്ര തിളക്കമുള്ളതായിരുന്നു. ദി അമേരിക്കൻ സെഞ്ച്വറി,ദേ മെയ്ഡ് അമേരിക്ക, ഡു ഐ മേക്ക് മൈസെൽഫ് ക്ലിയർ,ഗുഡ് ടൈംസ് ആൻഡ് ബാഡ് ടൈംസ് തുടങ്ങിയവ ശ്രദ്ധേയമായ പുസ്തകങ്ങളാണ്. ലോക പത്രപ്രവർത്തന ചരിത്രത്തിലെ ഇതിഹാസതുല്യമായ ഒരു അദ്ധ്യായമല്ല ഹരോൾഡ്. അറിയുന്തോറും പുതുമയേറുന്ന പാഠപുസ്തകമാണ് കഴിഞ്ഞ ബുധനാഴ്‌ച അന്തരിച്ച ഹരോൾഡിന്റെ മാദ്ധ്യമജീവിതം.