ടോക്കിയോ: ഇനി മുതൽ ആൺ പെൺ വ്യത്യാസമില്ലാതെ എല്ലാവരേയും സ്വീകരിക്കാൻ ഒരുങ്ങുകയാണ് ജാപ്പനീസ് എയർലൈൻസ്.
വിമാനത്തിൽ കയറുമ്പോഴുള്ള 'വെൽകം ലേഡീസ് ആൻഡ് ജന്റിൽമാൻ" എന്ന ആശംസ വാചകത്തിന് പകരം 'വെൽകം എവരിവൺ" എന്ന പദപ്രയോഗമാണ് ജാപ്പനീസ് എയർലൈൻസ് ഉപയോഗിക്കുക. ഇന്ന് മുതൽ അത് നിലവിൽ വരും.
ഇത് ആദ്യമായല്ല ജപ്പാൻ ഇങ്ങനയൊരു ചുവടുവയ്പ് നടത്തുന്നത്. വിമാനം ഉയരുന്നതിന് മുൻപ് നൽകുന്ന നിർദ്ദേശങ്ങൾ ഇപ്പോൾ തന്നെ ലിംഗഭേദമില്ലാതെയാണ്. ടോക്കിയോ ആസ്ഥാനമായ ഒരു വിമാനക്കമ്പനി വനിതകളായ വിമാന ജീവനക്കാർക്ക് സ്കർട്ടിന് പകരം പാന്റ്സ് ധരിക്കാൻ അനുമതി നൽകിയിരുന്നു.
ഇതിനൊപ്പം വർക്ക് മെറ്റീരിയൽ വേർഡിലും (യാത്രക്കാരോട് സംസാരിക്കുമ്പോൾ വിമാന ജീവനക്കാർ ഉപയോഗിക്കേണ്ട വാക്കുകൾ) ഈ മാറ്റങ്ങൾ കമ്പനികൾ വരുത്തുന്നുണ്ട്. ഹസ്ബൻഡ്, വൈഫ് എന്നിവയ്ക്ക് പകരം പാർട്ണേഴ്സ്, സ്‌പോസ് എന്നും മാം, ഡാഡ് എന്നീ വാക്കുകൾക്ക് പകരം പേരന്റസ് എന്നും ലിംഗഭേദമില്ലാത്ത വാക്കുകൾ ഉപയോഗിക്കാനാണ് നിർദേശം.