covid-vaccine

ലണ്ടൻ: അമേരിക്കൻ മരുന്ന് കമ്പനിയായ മൊഡേണയുടെ കൊവിഡ് വാക്സിൻ മുതിർന്നവരിലും ഫലപ്രദമെന്ന് പഠനം. ന്യൂ ഇംഗ്ലണ്ട് ജേർണൽ ഒഫ് മെഡിസിനിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.അറ്റ്ലാന്റയിലെ എമോറി സർവകലാശാലയിലെ ഗവേഷകരിൽ ഒരാളായ ഡോ.ഇവാൻ ആൻഡേഴ്സണിന്റെ നേതൃത്വത്തിലാണ് പഠനം നടന്നത്. വാക്സിൻ സ്വീകരിച്ച പ്രായമായവരിൽ നടത്തിയ പഠനത്തിൽ ചെറുപ്പക്കാരിലെ പോലെ തന്നെ വൈറസിനെ പ്രതിരോധിക്കാൻ ഉതകുന്ന ആന്റിബോഡി ഉത്പാദിപ്പിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. തലവേദന, ക്ഷീണം, ശരീര വേദന, വാക്സിൻ കുത്തിവച്ച സ്ഥലത്തെ വേദന തുടങ്ങിയവയാണ് പാർശ്വഫലങ്ങൾ. സാധാരണ ഗതിയിൽ വാക്സിൻ സ്വീകരിച്ച ഉടൻ പാർശ്വഫലങ്ങൾ ഉണ്ടാവുകയും അത് വേഗത്തിൽ അപ്രത്യക്ഷമായെന്നും ആൻഡേഴ്സൺ വ്യക്തമാക്കി.

ഉയർന്ന തോതിലുള്ള ഇൻഫ്ലുവൻസ വാക്സിൻ സ്വീകരിച്ചിട്ടുള്ള പ്രായമായവരിൽ ഉണ്ടാകുന്ന പ്രയാസങ്ങൾത്തന്നെയാണ് ഇതിലും കാണപ്പെടുന്നത്. അവർക്ക് ക്ഷീണമോ പനിയോ വരാമെന്നും ആൻഡേഴ്സൺ പറയുന്നു. ആദ്യഘട്ടത്തിൽ 18-55, 56 -76 എന്നീ പ്രായക്കാരിലാണ് വാക്സിൻ പരീക്ഷിച്ചത്. രണ്ട് അളവുകളിലുള്ള വാക്സിനുകളാണ് പരീക്ഷിച്ചത്. രണ്ട് ഡോഡ് 100 മൈക്രോഗ്രാം വാക്സിൻ പരീക്ഷിച്ച പ്രായമുള്ളവരിൽ ചെറുപ്പക്കാരിൽ കാണുന്നതിന് അനുസൃതമായ മാറ്റങ്ങളാണ് കണ്ടത്. അംഗീകാരത്തിന് അപേക്ഷിക്കുന്നതിനു മുമ്പ് മൂന്നാംഘട്ടത്തിൽ കൂടിയ അളവിലാണ് മൊഡേണ മരുന്ന് പരീക്ഷണം നടത്തുന്നത്.

 ഗ്ലാക്സോസ്മിത്ത്ക്ലൈന്റെ വാക്സിൻ അടുത്ത വർഷമെന്ന്

കൊവിഡ് വാക്സിൻ അടുത്ത വർഷം ലോകവ്യാപകമായി ലഭ്യമാകുമെന്ന് പ്രമുഖ മരുന്ന് നിർമ്മാതാക്കളായ ഗ്ലാക്സോസ്മിത്ത്ക്ലൈൻ. വാക്സിൻ അടുത്ത വർഷം ലഭ്യമാകുമെന്ന ശുഭാപ്തിവിശ്വാസമുണ്ടെന്ന് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് പറഞ്ഞു. ജി.എസ്.കെയുടെ പങ്കാളിത്തത്തോടെ സനോഫി നിർമ്മിക്കുന്ന വാക്സിന് അടുത്ത വർഷം അംഗീകാരം ലഭിക്കുമെന്നാണ് കരുതുന്നത്.

.