ക്ളേവ്ലാൻഡ്: അമേരിക്കയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് 35 ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും എതിർ സ്ഥാനാർത്ഥിയും ഡെമോക്രാറ്റുമായ ജോ ബൈഡനും തമ്മിലുള്ള ആദ്യ തുറന്ന സംവാദത്തിൽ തീപാറി. കൊണ്ടും കൊടുത്തും ഇരു നേതാക്കളും വാക്ശരങ്ങളാൽ ഏറ്റുമുട്ടി.
കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ഇരുവരും ഹസ്തദാനം ചെയ്യാതെയാണ് സ്റ്റേജിൽ നിന്നും അവരവരുടെ സ്പോട്ടിലേക്ക് പോയത്.
ആദ്യം മുതലേ ആക്രമണ സ്വഭാവത്തിലായിരുന്നു ട്രംപ്. 77 കാരനായ ബൈഡന്റെ മകൻ അഴിമതി വീരനാണെന്നും ഡെമോക്രാറ്റുകളിൽ യാതൊരു മിടുക്കും അവശേഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, കുറിക്കു കൊള്ളുന്ന മറുപടികളുമായി ബൈഡനും തിരിച്ചടിച്ചു. അമേരിക്ക കണ്ട ഏറ്റവും മോശം പ്രസിഡന്റാണ് ട്രംപെന്നും ഇതുവരെ ട്രംപ് പറഞ്ഞതെല്ലാം നുണയാണെന്നും ബൈഡൻ ആരോപിച്ചു. കൊവിഡ് പ്രതിസന്ധി മറികടക്കുന്നതിൽ ട്രംപ് പൂർണപരാജയമാണ്. ട്രംപ് വംശീയവാദിയും കോമാളിയും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ കളിപ്പാവയാണെന്നും ബൈഡൻ പറഞ്ഞു.
ഇതോടെ ട്രംപിന്റെ നിയന്ത്രണം വിട്ടു.
തന്റെ ഭരണ - സാമ്പത്തിക നേട്ടങ്ങളെക്കുറിച്ച് വാതോരാതെ പറഞ്ഞു. കൊവിഡ് കാലത്തും ഏറെപ്പേർ പങ്കെടുത്ത തന്റെ റാലികളെ ട്രംപ് ന്യായീകരിച്ചു. താൻ എന്ത് പറയുന്നു എന്ന് ജനങ്ങൾക്ക് അറിയാൻ ആഗ്രഹമുണ്ടെന്നതിന് തെളിവാണ് വമ്പൻ റാലികൾ. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് കുറച്ച് ആളുകൾ മാത്രം പങ്കെടുത്ത ബൈഡന്റെ റാലികളെ അദ്ദേഹം കളിയാക്കി. പലപ്പോഴും ട്രംപ് ബൈഡനെ ഇടയ്ക്ക് കയറി തടസപ്പെടുത്തി. ഇടയ്ക്ക് ബൈഡന്റെ മകന്റെ ബിസിനസിനെപ്പറ്റി പറഞ്ഞ് വ്യക്തിപരമായും ആക്ഷേപിച്ചു. പലവട്ടം മോഡറേറ്റർക്ക് ഇടപെടേണ്ടിയും വന്നു.
അമേരിക്കൻ പ്രസിഡന്റിന്റെ നിറുത്താതെയുള്ള പ്രസംഗത്തിൽ സഹികെട്ട് എതിർ സ്ഥാനാർത്ഥി ഇങ്ങനെ പറഞ്ഞു. 'ഒന്ന് വായടക്കാമോ മനുഷ്യാ'.. ("Will you shut up, man!").
ചർച്ചയെ കൊവിഡുമായി ബന്ധപ്പെടുത്താനായിരുന്നു ബൈഡന്റെ ശ്രമം.ഇത് ഓരോ അമേരിക്കക്കാരന്റെയും കുടുംബത്തെക്കുറിച്ചുള്ളതാണെന്നും അല്ലാതെ തന്റെ കുടുംബത്തെ കുറിച്ചുള്ളതല്ലെന്നും ബൈഡൻ പറഞ്ഞു.
ഇനി രണ്ട് സംവാദം
ഇരുവരും പങ്കെടുക്കുന്ന സംവാദ പരമ്പരയിലെ ആദ്യത്തേതാണ് കഴിഞ്ഞദിവസം നടന്നത്. ഇനി രണ്ട് സംവാദം കൂടിയുണ്ട്.
ഇന്ത്യയ്ക്കെതിരെയും ആരോപണം
കൊവിഡ് വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യ കൃത്യമായ കണക്കുകൾ പുറത്തുവിടുന്നില്ലെന്ന് ട്രംപ് കുറ്റപ്പെടുത്തി. ജോ ബൈഡന്റെ വിമർശനങ്ങളെക്കുറിച്ച് മറുപടി പറയുമ്പോഴാണിത്.
'കൊവിഡ് കണക്കുകളെ കുറിച്ച് പറയുമ്പോൾ ചൈനയിലും ഇന്ത്യയിലും റഷ്യയിലും എത്ര പേർ മരിച്ചുവെന്ന് നമുക്കറിയില്ല. അവരൊന്നും നമുക്ക് യഥാർത്ഥ കണക്കുകൾ നൽകുന്നില്ല."- എന്നാണ് ട്രംപ് പറഞ്ഞത്. അമേരിക്കയ്ക്ക് ശത്രുതയുള്ള ചൈനയ്ക്കൊപ്പം ട്രംപ് ഇന്ത്യയെ ചേർത്തു പറഞ്ഞത് വിവാദമായിരിക്കുകയാണ്.